യുവന്റസിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതോടെ അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും തുല്ല്യ ശക്തികളുടെ ടീമായെന്ന് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ സിമിയോണി. ഫിഫ അവാർഡുകളിൽ നിന്ന് അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനെ ഒഴിവാക്കിയതും സിമിയോണി ചോദ്യം ചെയ്തു. വ്യക്തിഗത പ്രകടനങ്ങളാണ് പലപ്പോഴും അത്ലറ്റികോ മാഡ്രിഡ് റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കും പിറകിലായിപ്പോവാൻ കാരണമെന്നും സിമിയോണി പറഞ്ഞു.
അന്റോണിയോ ഗ്രീസ്മാനെ ഫിഫ ഒഴിവാക്കിയതിൽ ഉള്ള അമർഷവും സിമിയോണി രേഖപ്പെടുത്തി. ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ്, യൂറോപ്പ ലീഗ് എന്നി കിരീടങ്ങൾ നേടിയിട്ടും ഫിഫയുടെ ദി ബെസ്റ്റ് അവാർഡിന് ഗ്രീസ്മാനെ പരിഗണിക്കാത്തത് തന്നെ നിരാശപെടുത്തിയെന്നും സിമിയോണി പറഞ്ഞു. കഴിഞ്ഞ തവണത്തെ ലാ ലീഗയിൽ റയൽ മാഡ്രിഡിന് മുൻപിൽ രണ്ടാം സ്ഥാനത്തായി അത്ലറ്റികോ മാഡ്രിഡ് സീസൺ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന യുവേഫ സൂപ്പർ കപ്പിലും സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു.
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ കഴിഞ്ഞ ട്രാൻസഫർ വിൻഡോയിലാണ് 112 മില്യൺ യൂറോക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിൽ എത്തിയത്.