വിനിഷ്യസ് ടോബിയാസ് റയലിലേക്ക് തന്നെ മടങ്ങി എത്തും

Nihal Basheer

ശക്തർ ഡോനെസ്ക്കിന്റെ ബ്രസീലിയൻ യുവതാരം വിനിഷ്യസ് ടോബിയാസ് റയൽ മാഡ്രിഡിലേക്ക് തന്നെ തിരിച്ചെത്തും. കഴിഞ്ഞ സീസണിൽ ശക്തറിൽ നിന്നും ലോണിൽ എത്തി മാഡ്രിഡ് കാസ്റ്റിയ്യ ടീമിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു താരം. എന്നാൽ താരത്തെ വീണ്ടും ഒരു സീസണിലേക്ക് കൂടി ലോണിൽ നിലനിർത്താൻ മാഡ്രിഡ് തീരുമാനിക്കുകയായിരുന്നു. ലോൺ ഫീസ് ആയി അഞ്ച് ലക്ഷം യൂറോ കൈമാറും. ലോൺ കാലാവധിക്ക് ശേഷം താരത്തെ സ്വന്തമാക്കണമെങ്കിൽ 15 മില്യൺ യൂറോ മാഡ്രിഡ് ചെലവഴിക്കേണ്ടി വരും. എന്നാൽ ഇത് നിർബന്ധമല്ല.
20230710 153221
റൈറ്റ് ബാക്ക് സ്ഥാനത്തേക്കുള്ള ഭാവിയായി മാഡ്രിഡ് കാണുന്ന താരങ്ങളിൽ ഒരാൾ ആണ് ടോബിയാസ്. പത്തൊൻപതുകാരനെ അത് കൊണ്ട് തന്നെയാണ് ലോണിൽ ബി ടീമിലേക്ക് എത്തിച്ചത്. കഴിഞ്ഞ വർഷം ജനുവരിൽ ശക്തറിൽ എത്തിയെങ്കിലും യുദ്ധം കാരണം ടീമിന് വേണ്ടി അരങ്ങേറാനായില്ല. അതോടെ ഫിഫ അനുവദിച്ച സ്‌പെഷ്യൽ ട്രാൻസ്ഫർ വിൻഡോയുടെ സമയത്ത് റയൽ താരത്തെ ലോണിൽ എത്തിച്ചു. ലോൺ കാലവധിക്ക് ശേഷം താരത്തെ സ്വന്തമാക്കുകയാണെങ്കിൽ ഒപ്പിടാനുള്ള അഞ്ച് വർഷത്തെ കരാറിലും നേരത്തെ ധാരണയിൽ എത്തിയിരുന്നു. എന്നാൽ സീസൺ അവസാനത്തോടെ ടോബിയാസിനെ സ്വന്തമാക്കുന്നതിൽ റയലിൽ വീണ്ടും ചർച്ചകൾ ഉയർന്നു. ഇതോടെയാണ് മറ്റൊരു സീസണിലേക്ക് കൂടി താരത്തെ ലോണിൽ തന്നെ എത്തിക്കുന്നത്. ഇത്തവണ സീനിയർ ടീമിലും താരത്തിന് അവസരങ്ങൾ ലഭിച്ചേക്കും.