ലീഗിൽ പ്രതിസന്ധി നേരിടുന്ന വലൻസിയ, പരിശീലകൻ ആയി മുൻ താരം റൂബൻ ബരാഹയെ എത്തിക്കുന്നു. ടീം വിട്ട പരിശീലകൻ ഗട്ടുസോക്ക് പകരക്കാരനായാണ് ബരാഹ എത്തുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം ചുമതല ഏറ്റെടുക്കും എന്ന് അറിയിച്ച ക്ലബ്ബ് കരാർ എത്ര കാലത്തേക്ക് ആണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ക്ലബ്ബിന്റെ പ്രധാന ഉടമകളിൽ ഒരാളായ പീറ്റർ ലിമും മറ്റ് ഡയറക്ടർമാരും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം വന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗട്ടുസോയെ പുറത്താക്കിയ ശേഷം താൽക്കാലിക ചുമതല വഹിച്ചിരുന്ന വോരോ ഗോൺസാലസിന് ഔദ്യോഗിക കുറിപ്പിൽ വലൻസിയ നന്ദി അറിയിച്ചു. മറ്റൊരു മുൻ താരമായാ കാർലോസ് മർച്ചേന്നയേയും ബരാഹയുടെ കൂടെ പരിശീലക സംഘത്തിൽ കൊണ്ടു വരുന്നുണ്ട്.
2000 മുതൽ പത്ത് വർഷത്തോളം വലൻസിയയുടെ ജേഴ്‌സി അണിഞ്ഞ ഇതിഹാസ താരമാണ് ബരാഹ. ലാ ലീഗ, കോപ്പ ഡെൽ റേയ്, യുവേഫ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയ ടീമിൽ പങ്കാളിയായി. പിന്നീട് അത്ലറ്റികോ മാഡ്രിഡിലൂടെ അസിസ്റ്റന്റ് കോച്ച് ആയി പരിശീലന കരിയർ ആരംഭിച്ച അദ്ദേഹം, എൽഷേ, റയോ വയ്യക്കാനോ, ഗിജോൺ, റ്റെനെറിഫെ, സരഗോസ എന്നിവരെ പരിശീലിപ്പിച്ചിരുന്നു. എന്നാൽ ഒരു ക്ലബ്ബിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കാതെ ഇരുന്ന ബരാഹയെ, നിലവിൽ ക്ലബ്ബ് ഉടമക്കെതിരെ വലിയ പ്രതിഷേധങ്ങൾ തീർക്കുന്ന ആരാധകരെ അടക്കാൻ വേണ്ടി മാത്രമാണോ കൊണ്ടു വരുന്നത് എന്നാണ് കണ്ടറിയേണ്ടത്. റിലെഗേഷൻ സോണിൽ എത്തിയിട്ടുള്ള വലൻസിയയെ രക്ഷിച്ചെടുക്കാൻ ബരാഹ കാര്യമായി വിയർപ്പൊഴുക്കേണ്ടി വരും. താൽക്കാലിക പരിശീലകൻ ആയിരുന്ന വോരോക്ക് കീഴിലും ജയം സ്വന്തമാക്കാൻ വലൻസിയക്ക് സാധിച്ചിരുന്നില്ല.