ബാഴ്സലോണ താരങ്ങൾ ശമ്പളം കുറയ്ക്കാൻ വിസമ്മതിച്ചു എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്ന് ബാഴ്സയുടെ സ്ട്രൈക്കറായ ലൂയിസ് സുവാരസ്. നേരത്തെ ബാഴ്സലോണ താരങ്ങൾ ശമ്പളം കുറയ്ക്കാൻ സമ്മതിക്കാൻ വേണ്ടി കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടി വന്നതായി ബാഴ്സലോണ ബോർഡിനെ ഉദ്ധരിച്ച് വാർത്തകൾ ഉണ്ടായിരുന്നു. മെസ്സി അടക്കം ഈ വാർത്തകൾക്ക് എതിരായി രംഗത്ത് വരികയും ചെയ്തിരുന്നു.
ടീമിൽ ഒരാൾ പോലും ഈ ശമ്പളം കുറയ്ക്കാൻ വിസമ്മതിച്ചിരുന്നില്ല എന്ന് സുവാരസ് പറഞ്ഞു. ഇതു സംബന്ധിച്ച വിവാദങ്ങൾ ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ക്യാപ്റ്റന്മാരാണ് ഈ ആശയം മുന്നോട്ട് വെച്ചത്. ഉടൻ തന്നെ താരങ്ങൾ എല്ലാം ഈ നീക്കത്തെ സംയുക്തമായി അംഗീകരിച്ചു എന്നും സുവാരസ് പറഞ്ഞു. ശമ്പളത്തിന്റെ 70 ശതമാനത്തോളമാണ് ബാഴ്സലോണ താരങ്ങൾ വിട്ടു നൽകിയത്.