ലാ ലീഗ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് ആശ്വസിക്കാം. ബാഴ്സയുടെ പോർച്ചുഗീസ് താരമായ നെൽസൺ സെമെദോയുടെ പരിക്ക് ഗുരുതരമല്ല. സെർബിയയ്ക്കെതിരായ പോർച്ചുഗല്ലിന്റെ യൂറോ കപ്പ് യോഗ്യത മത്സരത്തിനിടെയിലാണ് സെമെദോയ്ക്ക് പരിക്കേറ്റത്.
അലക്സാണ്ടർ കൊളൊറോവിന്റെ ചാലഞ്ചിൽ പരിക്കേറ്റ താരം സ്ട്രെച്ചറിലാണ് കളം വിട്ടത്. 65ആം മിനുട്ടിൽ വലങ്കാലിന് പരിക്കേറ്റ താരത്തിന്റെ പിൻവാങ്ങൽ പോർച്ചുഗീസ് നിരയേയും കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സെമെദോയുടെ പരിക്ക് ഗുരുതരമല്ല. ലിത്വാനിയക്കെതിരായ പോർച്ചുഗല്ലിന്റെ മത്സരത്തിലും താരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ക്യാമ്പ് നൗവിൽ വെച്ച് ബാഴ്സലോണ നേരിടേണ്ടത് വലൻസിയയെയാണ്.