ലാ ലീഗയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. 35 മിനുട്ടോളം ഒരു ഗോളിന് പിന്നിൽ നിന്ന റയൽ വമ്പൻ തിരിച്ച് വരവുമായാണ് ഇന്ന് ജയം നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന്റെ ജയമാണ് റയൽ സോസിദാദിനെതിരെ സിദാനും സംഘവും നേടിയത്. കെരീം ബെൻസിമ,ഫെഡെറികോ വെൽവെർദേ, ലൂക്ക മോഡ്രിച് എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി ഗോളടിച്ചത്. ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ പിഴവ് മുതലെടുത്ത് വില്ല്യം ജോസെയാണ് റയൽ സോസിദാസിന്റെ രണ്ടാം മിനുട്ട് ഗോൾ നേടിയത്.
ഇന്നത്തെ തകർപ്പൻ ജയത്തോട് കൂടി ലാ ലീഗ പോയന്റ് നിലയിൽ 28 പോയന്റുമായി ബാഴ്സലോണയുടെ ഒപ്പമാണ് റയലിന്റെ സ്ഥാനം. കോർത്തോയ്ക്ക് ബാക്ക് പാസ്സ് നൽകിയ റാമോസിന്റെ പിഴവ് മുതലെടുത്ത സോസിദാദ് 2 ആം മിനുട്ടിൽ ലീഡ് നേടി. എന്നാൽ 37ആം മിനുട്ടിൽ ബെൻസിമ റയലിന് സമനില നേടിക്കൊടുത്തു. മോഡ്രിചിന്റെ ഫ്രീ കിക്ക് ഗോളാക്കിയായിരുന്നു ബെൻസിമ സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ വെല്വെർദേയും മോഡ്രിചുമടിച്ചു. റയൽ സീസണിന്റെ തുടക്കത്തിൽ പരുങ്ങിയിരുന്നെങ്കിലും ഇന്നത്തേത് സിദാന്റെയും സംഘത്തിന്റെയും തുടർച്ചയായ ആറാം ജയമാണ്. സിദാന്റെ വിശ്വസ്തനായ ബെൻസിമ ലീഗിലെ 10 ആം ഗോൾ നേടുകയും മോഡ്രിചിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.