ഡേവിഡ് സിൽവ മാഞ്ചസ്റ്റർ സിറ്റി വിട്ട് റയൽ സോസിഡാഡിലേക്ക് പോയത് പലരെയും അമ്പരപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ റയൽ സോസിഡാഡിന്റെ പ്രകടനങ്ങൾ നോക്കിയാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. ഇന്ന് സെൽറ്റ വീഗോയെ തകർത്തെറിഞ്ഞതോടെ റയൽ സോസിഡാഡ് ലാലിഗയിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. ഡേവിഡ് സിൽവ തന്നെയാണ് ഇന്ന് സോസിഡാഡിനെ മുന്നിൽ നിന്ന് നയിച്ചത്.
മത്സരത്തിന്റെ 24ആം മിനുട്ടിൽ സിൽവയിലൂടെ ആയിരുന്നു സോസിഡാഡിന്റെ ആദ്യ ഗോൾ വന്നത്. സിൽവയുടെ സോസിഡാഡിനായുള്ള ആദ്യ ഗോളായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട അസിസ്റ്റുമായും സിൽവ തിളങ്ങിയിരുന്നു. ഇരട്ട ഗോളുമായി വില്ല്യൻ ജോസും, ഒരു ഗോളുമായി ഒയർസബാളും തിളങ്ങിയപ്പോൾ സെൽറ്റയുടെ പതനം പൂർത്തിയായി. ആസ്പാസ് ആണ് സെൽറ്റയുടെ ആശ്വാസ ഗോൾ നേടിയത്.
ഈ ജയത്തോടെ 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി റയൽ മാഡ്രിഡിനെയും മറികടന്ന് സോസിഡാഡ് ലാലിഗയിൽ ഒന്നാമത് എത്തി. 8 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അടിച്ചു കൂട്ടാനും സോസിഡാഡിനായിട്ടുണ്ട്.













