“റയൽ മാഡ്രിഡിനെ കിരീടത്തിനായി ഏറ്റവും കൂടുതൽ സഹായിച്ചത് ബാഴ്സ” – മെസ്സി

ബാഴ്സലോണയുടെ ഈ സീസണിൽ പ്രകടനത്തിൽ തന്റെ അതൃപ്തി വ്യക്തമാക്കി സൂപ്പർ താരം മെസ്സി രംഗത്ത്. ബാഴ്സലോണ ഒസാസുനയോട് പരാജയപ്പെടുകയും റയൽ മാഡ്രിഡ് വിയ്യാറയലിനോട് വിജയിക്കുകയും ചെയ്തതോടെ ലാലിഗ കിരീടം റയലിന് സ്വന്തമായിരുന്നു. റയൽ മാഡ്രിഡ് ഈ സീസണിൽ മികച്ചു നിന്നു എന്ന് പറഞ്ഞ മെസ്സി പക്ഷെ റയൽ മാഡ്രിഡിനെ ഈ സീസണിൽ കിരീടത്തിൽ എത്താൻ ഏറ്റവും കൂടുതൽ സഹായിച്ചത് ബാഴ്സലോണ ആണെന്ന് പറഞ്ഞു.

ഈ ഡിസംബർ മുതൽ ബാഴ്സലോണയിൽ നല്ലത് ഒന്നും നടന്നിട്ടില്ല. മെസ്സി പറയുന്നു. ടീമിന് വിജയിക്കാൻ ഉള്ള മനോഭാവമോ അതിനായി പ്രവർത്തിക്കാനോ അറിയില്ല എന്നും മെസ്സി പറഞ്ഞു. ഇന്നലെ ഒസാസുനയ്ക്ക് എതിരെ കണ്ട പ്രകടനം ബാഴ്സലോണയുടെ ഈ സീസണിന്റെ ചുരുക്ക ചിത്രമാണെന്നും മെസ്സി പറഞ്ഞു. ഇങ്ങനെ കളിച്ചാൽ ലാലിഗ ജയിക്കാൻ ആകില്ല എന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നു എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ ബോർഡും പരിശീലകൻ സെറ്റിയനും സമ്മർദ്ദത്തിൽ ഇരിക്കെ ആണ് മെസ്സിയും കടുത്ത വിമർശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.