റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി, സൂപ്പർ താരങ്ങൾക്ക് പരിക്ക്

Staff Reporter

ലാ ലീഗയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന റയൽ മാഡ്രിഡിന് മറ്റൊരു തിരിച്ചടി. ഡീപോർട്ടിവ അലവേസിനെതിരെ സൂപ്പർ താരങ്ങളായ ബെയ്‌ലിനും ബെൻസേമക്കും പരിക്ക്. ഇരുവരുടെയും പരിക്ക് പരിശീലകൻ ലോപെടെഗി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തുടർച്ചയായ നാല് മത്സരത്തിലും ജയിക്കാനാവാതെ പോയ മാഡ്രിഡിന് താരങ്ങളുടെ പരിക്ക് തിരിച്ചടിയാവും.

പരിക്കേറ്റ ബെൻസേമ രണ്ടാം പകുതിയിൽ കളിക്കാൻ ഇറങ്ങിയിരുന്നില്ല. അതെ സമയം മത്സരം അവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കെയാണ് പരിക്കേറ്റ ബെയ്ൽ കളം വിട്ടത്. ഇരുവരുടെയും പരിക്കിന്റെ വിശദ വിവരങ്ങൾ റയൽ മാഡ്രിഡ് പുറത്തുവിട്ടിട്ടില്ല. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെയാണ് റയൽ മാഡ്രിഡ് മനു ഗാർസിയയുടെ ഗോളിൽ ഡീപോർട്ടിവ അലവേസിനോട് തോറ്റത്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതെ പോയ റയൽ മാഡ്രിഡ് മൂന്ന് മത്സരങ്ങൾ തോൽക്കുകയും ചെയ്തിരുന്നു. നേരത്തെ റയൽ മാഡ്രിഡ് താരങ്ങളായ മാഴ്‌സെലോയും ഡാനി കാർവഹാളും പരിക്കിന്റെ പിടിയിലാണ്.