നാല് ദിവസത്തെ ഇടവേളക്ക് ശേഷം സ്പെയിനിൽ വീണ്ടും എൽ ക്ലാസ്സികോ പോരാട്ടം. ലാ ലീഗയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെ നേരിടും. കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ ബാഴ്‌സലോണയോട് ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ തോറ്റതിന്റെ പ്രതികാരം തേടിയാണ് റയൽ മാഡ്രിഡ് ഇന്നിറങ്ങുന്നത്. അതെ സമയം ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബാഴ്‌സലോണക്ക് ഇന്ന് ജയിച്ചാൽ കിരീടത്തിലേക്ക് ഒരു പടി കൂടി അടുക്കാം
ലാ ലിഗയിൽ ബാഴ്‌സലോണക്ക് 9 പോയിന്റ് പുറകിലായ റയൽ മാഡ്രിഡിന് കിരീട പ്രതീക്ഷയില്ലെങ്കിലും കഴിഞ്ഞ ദിവസം സ്വന്തം ഗ്രൗണ്ടിൽ ഏകപക്ഷീയമായി ബാഴ്‌സലോണക്കെതിരെ തോറ്റതിന് പകരം ചോദിയ്ക്കാൻ ഉറച്ചു തന്നെയാവും റയൽ മാഡ്രിഡ് ഇറങ്ങുക. നേരത്തെ ലാ ലീഗയിൽ ബാഴ്‌സലോണയുടെ ഗ്രൗണ്ടിൽ വെച്ച് അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ 5-1ന് വമ്പൻ തോൽവി റയൽ മാഡ്രിഡ് ഏറ്റുവാങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെൽ റേ സെമി ഫൈനലിൽ ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് റയൽ മാഡ്രിഡിന് തിരിച്ചടിയായത്. രണ്ടാം പകുതിയിൽ കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിച്ചാണ് ജയിച്ചു കയറിയത്. വിനീഷ്യസ് ജൂനിയറിന്റെ മികച്ച ഫോം ആണ് റയൽ മാഡ്രിഡിന്റെ പ്രതീക്ഷ.