ഇന്ന് ലാലിഗയിൽ മികച്ച തിരിച്ചുവരവ് നടത്തി റയൽ മാഡ്രിഡ്. വലൻസിയയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് തുടക്കത്തിൽ 2 ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് കളി 2-2 എന്ന സമനിലയിൽ അവസാനിപ്പിച്ചു. വിനീഷ്യസ് ആണ് റയലിന്റെ 2 ഗോളും നേടിയത്.
ഇന്ന് മത്സരം ആരംഭിച്ച് 27ആം മിനുട്ടിൽ വലൻസിയ ലീഡ് എടുത്തു. ഹ്യൂഗോ ഡുറോ ആണ് ഹോം ടീമിന് ലീഡ് നൽകിയത്. 30ആം മിനുട്ടിൽ യെരംചുക് കൂടെ ഗോൾ നേടിയതോടെ വലൻസിയ 2-0ന് മുന്നിൽ എത്തി. ആദ്യ പകുതിയുടെ അവസാന നിമിഷം വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് ഒരു ഗോൾ മടക്കി. റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ വിനീഷ്യസ് തന്നെ റയൽ മാഡ്രിഡിന് സമനിലയും നൽകി. വിജയത്തിനായി ഇരു ടീമുകളും ശ്രമം തുടർന്നു എങ്കിലും ഫലം ഉണ്ടായില്ല. മത്സരത്തിൽ റയൽ മാഡ്രിഡ് ഒരു ക്രോസ് ചെയ്യുന്നതിന് ഇടയിൽ ആണ് അവസാന വിസിൽ റഫറിൽ മുഴക്കിയത്. ആ ക്രോസ് ജൂഡ് ലക്ഷ്യത്തിൽ എത്തിച്ചു എങ്കിലും ഫൈനൽ വിസിൽ വിളിച്ചതിനാൽ ഗോൾ അനുവദിക്കാൻ ആകില്ല എന്ന് റഫറി പറഞ്ഞു. ഇത് അവസാനം ചില വിവാദങ്ങൾ ഉണ്ടാകാനും കാരണമായി.
27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി റയൽ മാഡ്രിഡ് ഇപ്പോഴും ലീഗിൽ ഒന്നാമതാണ്. വലൻസിയ 37 പോയിന്റുമായി എട്ടാമതും നിൽക്കുന്നു.