റയൽ മാഡ്രിഡ് പരിശീലകന്റെ ജോലി ഉടൻ തെറിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൊപറ്റെഗി റയലിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുത്തപ്പോൾ റയൽ മാഡ്രിഡിൽ പുതിയ യുഗം തുടങ്ങുകയാണ് എന്നൊരു തോന്നൽ ഉണ്ടായിരുന്നു. സിദാനും റൊണാൾഡോയും വിട്ട റയൽ മാഡ്രിഡിനെ നയിക്കാൻ ലൊപറ്റെഗിക്ക് ആവുമെന്നും ഫുട്ബോൾ ലോകം വിശ്വസിച്ചു.
കാരണം സ്പെയിനിനൊപ്പം ലൊപറ്റെഗിയുടെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നു. ലൊപറ്റെഗിയുടെ കീഴിൽ സ്പെയിൻ പരാജയമെ അറിഞ്ഞിരുന്നില്ല. പക്ഷെ റയലിൽ എത്തിയപ്പോൾ കഥ മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോ വലിയ അഭാവം തന്നെ ആയിരുന്നു റയൽ മാഡ്രിഡിന്. റൊണാൾഡോ പോയതോടെ ഗോളുകൾ അടിക്കാൻ ആളില്ലാതെ ആയി മാഡ്രിഡിൽ.
ഗോളടിക്കാതെ 480 മിനുട്ടുകൾ എന്ന റയൽ ചരിത്രത്തിലെ ഏറ്റവും മോശം റെക്കോർഡിലൂടെയും ലൊപറ്റെഗിയുടെ റയൽ കടന്നു പോയി. ചെറിയ ടീമുകൾ വരെ ബെർണവവുവിൽ വന്ന് റയലിനെ കശാപ്പ് ചെയ്തു. മൂന്ന് വർഷങ്ങളായി തങ്ങളുടേത് മാത്രമാക്കി റയൽ മാറ്റിയ ചാമ്പ്യൻസ് ലീഗിലും റയലിന് അടി തെറ്റി. ഇനിയും കാര്യങ്ങൾ ശരിയായില്ല എങ്കിൽ ലൊപറ്റെഗിക്ക് മാഡ്രിഡിൽ ആയുസ്സ് കാണില്ല.
ഇനി കാത്തിരിക്കുന്നത് എൽ ക്ലാസിക്കോയ്ക്ക് വേണ്ടിയാണ്. അതിനു മുമ്പ് അദ്ദേഹത്തെ പുറത്താക്കി പുതിയ പരിശീലകനെ കൊണ്ടു വരുന്നത് വിഡ്ഡിത്തമാകുമെന്ന് റയലിന് തന്നെ അറിയാം. എൽ ക്ലാസിക്കോയിൽ മെസ്സി ഇല്ലാത്ത ബാഴ്സയെ തോൽപ്പിക്കുക ആണെങ്കിൽ ലൊപറ്റെഗിയുടെ ജോലി സുരക്ഷിതമാകും. പക്ഷെ എൽ ക്ലാസിക്കോയിൽ തോൽക്കുകയാണെങ്കിൽ പിന്നെയും റയൽ മാഡ്രിഡ് ബോർഡ് കാത്തിരുന്നേക്കില്ല. ഇപ്പോൾ തന്നെ സ്പാനിഷ് ലീഗിൽ ഏഴാം സ്ഥാനത്താണ് റയൽ നിൽക്കുന്നത്.