ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന്റെ ഒരു കുറവും കാണിക്കാതെ മുന്നേറുകയാണ് റയൽ മാഡ്രിഡ്. ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ലെഗനെസിനെയാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ബെൻസീമയുടെ ഇരട്ട ഗോളുകളാണ് റയലിന് തുടർച്ചയായ മൂന്നാം ജയം സമ്മാനിച്ചത്.
കളി തുടങ്ങി 17ആം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് മുന്നിലെത്തി. ബെയ്ല് ആയിരുന്നു റയലിന്റെ അക്കൗണ്ട് തുറന്നത്. പക്ഷെ 24ആം മിനുട്ടിൽ കരിലോയിലൂടെ ലെഗനസ് സമനില കണ്ടെത്തി. ആദ്യ പകുതിയിൽ ആ സമനിക തകർക്കാൻ റയലിന് ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ ബെൻസീമ താണ്ഡവമാടിയപ്പോൾ ലെഗനെസ് ബഹുദൂരം പിന്നിലായി.
50ആം മിനുട്ടിലും 61ആം മിനുട്ടിലുമായിരുന്നു ബെൻസീമയുടെ ഗോളുകൾ. 65ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റാമോസ് റയലിന്റെ ഗോൾ പട്ടികയും തികച്ചു. 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലീഗിൽ ഒന്നാമതാണ് റയൽ മാഡ്രിഡ്.