ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് റയൽ മാഡ്രിഡ്. ഗ്രനാഡയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി ആൻസലോട്ടിയും സംഘവും കുതിപ്പ് തുടരുകയാണ്. റോഡ്രിഗോ, ബ്രാഹീം ഡിയാസ് എന്നിവർ വല കുലുക്കി. നേരത്തെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറിയ ജിറോണ ഇതോടെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ഇരു ടീമുകൾക്കും 38 പോയിന്റ് വീതമാണ് ഉള്ളത്. നാളെ മൂന്ന്, നാല് സ്ഥാനങ്ങളിൽ ഉള്ള ബാഴ്‌സ, അത്ലറ്റികോ മാഡ്രിഡ് എന്നിവർ ഏറ്റു മുട്ടും.
തുടക്കം മുതൽ മാഡ്രിഡിന് തന്നെ ആയിരുന്നു മുൻതൂക്കം. എന്നാൽ തുറന്നെടുത്ത നിരവധി അവസരങ്ങൾ ഗോളാക്കി മാറ്റാൻ ആദ്യ നിമിഷങ്ങളിൽ അവർക്ക് സാധിച്ചില്ല. ഫോമിലുള്ള റോഡ്രിഗോ തന്നെ ആയിരുന്നു ടീമിന്റെ കുന്തമുന. 26ആം മിനിറ്റിൽ ബ്രഹീം ഡിയാസ് ഗോൾ നേടി. എതിർ പ്രതിരോധത്തെ കീറി മുറിച്ച് സ്വതസിദ്ധമായ ശൈലിയിൽ ടോണി ക്രൂസ് നൽകിയ പാസ് പിടിച്ചെടുത്തു ബോക്സിനുള്ളിൽ നിന്നും ഗോളിയെ കീഴടക്കി താരം മാഡ്രിഡിന് ലീഡ് നൽകി. വാൽവെർടേയുടെ ക്രോസിൽ നിന്നും റോഡ്രിഗോക്ക് ലഭിച്ച അവസരത്തിൽ താരത്തിന് പന്തിലേക്ക് എത്തിക്കാൻ സാധിക്കാതെ പോയപ്പോൾ ബെല്ലിങ്ഹാമിന്റെ ഷോട്ട് പോസ്റ്റിന് ഇഞ്ചുകൾ മാത്രം മാറി കടന്ന് പോയി. 57ആം മിനിറ്റിൽ റോഡ്രിഗോ രണ്ടാം ഗോൾ നേടി. ബെല്ലിങ്ഹാമിന്റെ ഷോട്ട് ഗ്രനാഡ കീപ്പർ തടുത്തിട്ടപ്പോൾ ലഭിച്ച അവസരത്തിൽ മികച്ചൊരു ഷോട്ട് ഉതിർത്താണ് താരം വല കുലുക്കിയത്. ഇതോടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്നും തന്റെ ഏഴാം ഗോൾ കണ്ടെത്തുകയായിരുന്നു താരം. നാല് അസിസ്റ്റുകളും ഈ കാലയളവിൽ നേടി. ഒറ്റപെട്ട അവസരങ്ങൾ ഗ്രാനഡക്കും മത്സരത്തിൽ ലഭിച്ചെങ്കിലും റയലിന് ഒട്ടും ഭീഷണി ഉയർത്താൻ പോന്നതായിരുന്നില്ല.
Download the Fanport app now!