റയൽ മാഡ്രിഡിനായി ആദ്യ ഔദ്യോഗിക മത്സരത്തിന് ഇറങ്ങിയ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം തകർപ്പൻ ഗോളുമായി തിളങ്ങിയപ്പോൾ, അത്ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലോസ് ബ്ലാങ്കോസ് പുതു സീസണിന് തുടക്കം കുറിച്ചു. അത്ലറ്റിക്കിന്റെ തട്ടകത്തിൽ റോഡ്രിഗോ ആണ് ജേതാക്കളുടെ മറ്റൊരു ഗോൾ കണ്ടെത്തിയത്. ആഹ്ലാദത്തിന് ഇടയിലും പരിക്കേറ്റ് കരഞ്ഞു കലങ്ങിയ കണ്ണുമായി എഡർ മിലിറ്റാവോ കളം വിട്ടത് ടീമിനും ആരാധകർക്കും ആശങ്ക പകരുന്നുണ്ട്.
മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ അത്ലറ്റിക് മുഴുവൻ ഊർജത്തോടെ ആക്രമിച്ചെങ്കിലും ഉടൻ തന്നെ റയൽ മാഡ്രിഡ് ആധിപത്യം തിരിച്ചു പിടിച്ചു. വിനിഷ്യസും റോഡ്രിഗോയും മുന്നേറ്റം നയിച്ചു. 28ആം മിനിറ്റിൽ റോഡ്രിഗോയിലൂടെ റയലിന്റെ ഗോൾ എത്തി. വലത് വിങ്ങിൽ നിന്നും കർവഹാളിന് പന്ത് നൽകി മുന്നോട്ടു നീങ്ങിയ ബ്രസീലിയൻ താരം തിരികെ പാസ് സ്വീകരിച്ച് കൃത്യമായ ഫിനിഷിങിലൂടെ വല കുലുക്കി. എതിർ പ്രതിരോധത്തെ ഒന്നൊന്നായി മറികടന്നു വിനിഷ്യസ് തൊടുത്ത ഷോട്ട് കീപ്പർ തടുത്തു. പിറകെ വന്ന കോർണറിൽ നിന്നും മികച്ചൊരു ഫിനിഷിങിലൂടെ ബെല്ലിങ്ഹാം ഗോൾ കണ്ടെത്തി. താരത്തിന്റെ ഷോട്ടിൽ കുത്തിയുയർന്ന പന്ത് കീപ്പർക്ക് മുകളിലൂടെ വലയിൽ പതിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മിലിറ്റാവോ പരിക്കേറ്റ് തിരിച്ചു കയറി. റൂഡിഗർ ആണ് പകരക്കാരനായി എത്തിയത്. പകരക്കാരനായി എത്തിയ മോഡ്രിച്ചിന്റെ ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ട് കീപ്പർ കൈക്കലാക്കി. മുഴുവൻ സമയത്തിന് തൊട്ടു മുൻപ് സാങ്കെറ്റിന്റെ ഷോട്ട് മാഡ്രിഡ് പൊസിറ്റിന് തൊട്ടു മുകളിലൂടെ കടന്ന് പോയി. ഇഞ്ചുറി ടൈമിൽ പാരാദെസിന്റെ ഹെഡറും ലക്ഷ്യം കണ്ടില്ല.