പ്രീ സീസണിൽ ഗോൾഫ് കളിച്ച് ബെയ്ൽ‍, പരിഹാസവുമായി സിദാൻ

റയൽ മാഡ്രിഡിലെ കലഹം വീണ്ടും പത്രതലക്കെട്ടുകളിൽ ഇടം നേടുന്നു. പരിശീലകൻ സിനദിൻ സിദാനും സൂപ്പർ താരം ഗാരെത് ബെയ്ലും തമ്മിലുള്ള പടലപ്പിണക്കം പരസ്യമായ രഹസ്യമാണ്. അടുത്ത സീസണിലേക്കുള്ള റയൽ സ്ക്വാഡിൽ വെൽഷ് താരം ഉണ്ടാവില്ലെന്നതുറപ്പാണ്. ചൈനീസ് സൂപ്പർ ലീഗിലേക്കൊരു നീക്കം ബെയ്ല് നടത്തിയെങ്കിലും അവസാന നിമിഷം കരാർ നടക്കാതെ പോവുകയായിരു‌ന്നു.

അതേ സമയം സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ അനുസരിച്ച് ഔഡി കപ്പിലെ റയൽ – ടോട്ടെൻഹാം മത്സരം നടക്കുന്നതിനിടയിൽ ഗാരെത് ബെയ്ല് ഗോൾഫ് കളിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് പരിഹാസപൂർവ്വമായിരുന്നു സിദാന്റെ മറുപടി. ഗോൾഫ് ഗ്രൗണ്ടിൽ ചിലപ്പോൾ ബെയ്ല് പരിശീലനം നടത്തിക്കാണുമെന്നാണ് സിദാന്റെ പരിഹാസം. റയൽ മാഡ്രിഡുമായുള്ള കരാർ മൂന്ന് വർഷം കൂടെ ബാക്കിയുണ്ട് ബെയ്ലിന്. കഴിഞ്ഞ സീസണിൽ 14 ഗോളുകളും 6 അസിസ്റ്റുമാണ് ബെയ്ല് റയലിന് വേണ്ടി നേടിയത്.