റയൽ മാഡ്രിഡ് മികച്ച ഫോമിലേക്ക് ഉയരുന്നതിന്റെ തുടർച്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയെ ആണ് റയൽ മാഡ്രിഡ് തോൽപ്പിച്ചത്. അവരുടെ വിശ്വസ്തനായ സ്ട്രൈക്കർ ബെൻസീമയുടെ ഇരട്ട ഗോളുകളാണ് റയലിന് വലിയ വിജയം നൽകിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. മത്സരം തുടങ്ങി 13ആം മിനുട്ടിൽ തന്നെ അത്ലറ്റിക്ക് ക്ലബിന്റെ താരം റൗൾ ഗാർസിയ ചുകപൊ കണ്ടത് കാര്യങ്ങൾ റയലിന് എളുപ്പമാക്കി.
45ആം മിനുട്ടിൽ ടോണി ക്രൂസ് ആണ് റയലിന് ലീഡ് നൽകിയ ആദ്യ ഗോൾ നേടിയത്. 52ആം മിനുട്ടിൽ കാപയിലൂടെ ഒരു ഗോൾ മടക്കാൻ അത്ലലറ്റിക്കിനായി. പിന്നീടായിരുന്നു ബെൻസീമയുടെ ഹീറോയിസം. 74ആം മിനുട്ടിൽ കാർവഹാലിന്റെ പാസ് സ്വീകരിച്ച് ബെൻസീമയുടെ ആദ്യ ഗോൾ. സ്കോർ 2-1. പിന്നീടും ആക്രമണം തുടർന്ന റയൽ മാഡ്രിഡ് മത്സരത്തിന്റെ അവസാന നിമിഷം വീണ്ടും ബെൻസീമയിലൂടെ ഗോൾ നേടി. മോഡ്രിച് ആയിരുന്നു ആ ഗോൾ ഒരുക്കിയത്. ഈ വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് റയൽ മാഡ്രിഡ് 26 പോയിന്റിൽ എത്തി. റയൽ മൂന്നാമതാണ് ഇപ്പോൾ ഉള്ളത്. ഒന്നാമതുള്ള സോസിഡാഡിനും രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനും 26 പോയിന്റ് തന്നെയാണ് ഉള്ളത്.