ലാലിഗയിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റ വീഗോയെ തോൽപ്പിച്ചതോടെയാണ് താൽക്കാലികമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് എത്തിയത്. സെൽറ്റയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. അസൻസിയോയും വാസ്കസും ആണ് റയലിന്റെ വിജയ ശില്പികളായി മാറിയത്. ഒരു ഗോളും ഒരു അസിസ്റ്റും രണ്ടു പേരും സംഭാവന ചെയ്തു.
കളി തുടങ്ങി ആറാം മിനുട്ടിൽ തന്നെ റയൽ ഇന്നലെ മുന്നിൽ എത്തി. 6ആം മിനുട്ടിൽ ലൂകാസ് വാസ്കസിന്റെ വക ആയിരുന്നു ഗോൾ. അസൻസിയോ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. രണ്ടാം പകുതിയിൽ 53ആം മിനുട്ടിലാണ് റയലിന്റെ രണ്ടാം ഗോൾ വന്നത്. ഇത്തവണ ലുകാസ് വാസ്കസിന്റെ പാസിൽ നിന്ന് അസൻസിയോ ആണ് ആ ഗോൾ നേടിയത്. ഇന്നലെ റാമോസ് റയലിനായി കളിച്ചില്ല.
ഈ വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് റയൽ മാഡ്രിഡിന് 36 പോയിന്റായി. ഒന്നാമത് നിൽക്കുന്നുണ്ട് എങ്കിലും 35 പോയ്യിന്റുമായി രണ്ടാമത് നിൽക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് റയലിനെക്കാൾ മൂന്ന് മത്സരങ്ങൾ കുറവാണ് കളിച്ചത്.