എൽ ക്ലാസികോ റയൽ മാഡ്രിഡ് സ്വന്തമാക്കി. ഇന്ന് ലാലിഗ കിരീട പോരാട്ടത്തിൽ ബാഴ്സലോണയുടെ അവസാന പ്രതീക്ഷയായ പോരാട്ടത്തിൽ റയൽ മാഡ്രിഡ് ബാഴ്സലോണയെ തോൽപ്പിച്ചു. രണ്ടു തവണ ബാഴ്സലോണ ലീഡ് എടുത്ത മത്സരത്തിൽ പൊരുതി കളിച്ച് 3-2ന്റെ വിജയമാണ് റയൽ നേടിയത്. ഇഞ്ച്വറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാം ആണ് വിജയ ഗോൾ നേടിയത്.
ഇന്ന് ബാഴ്സലോണ ആണ് മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ മികച്ച രീതിയിൽ തുടങ്ങിയത്. ആറാം മിനുട്ടിൽ തന്നെ അവർ ലീഡ് എടുത്തു. ഒരു സെറ്റ് പീസിൽ നിന്ന് ഒരു ഹെഡറിലൂടെ ക്രിസ്റ്റ്യെൻസൺ ആണ് ബാഴ്സലോണയ്ക്ക് ലീഡ് നൽകിയത്.
ഇതിനു പെട്ടെന്ന് തന്നെ മറുപടി നൽകാൻ റയൽ മാഡ്രിഡിനായി. 18ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഗോൾ. വാസ്കസിനെ കുബെർസി വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിനീഷ്യസ് പന്ത് വലയിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ ബാഴ്സലോണ ആണ് മികച്ചു നിന്നത്. 69ആം മിനുട്ടിൽ ഫെർമിനോ ബാഴ്സലോണക്ക് ലീഡ് തിരികെ നൽകി. സ്കോർ 2-1 ഈ സമയത്തും ലീഡ് നിലനിർത്താൻ ബാഴ്സക്ക് ആയില്ല. 73ആം മിനുട്ടിൽ വാസ്കസ് ആണ് സമനില ഗോൾ നേടിയത്. വിനീഷ്യസിന്റെ ക്രോസിൽ നിന്നായിരുന്നു വാസ്കസിന്റെ ഗോൾ. സ്കോർ 2-2
അവസാന 10 മിനുട്ടിൽ കൂടുതൽ അറ്റാക്ക് ചെയ്തു കളിച്ച റയൽ മാഡ്രിഡ് 91ആം മിനുട്ടിൽ ജൂഡിലൂടെ വിജയ ഗോൾ നേടി. വാസ്കസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
ഈ വിജയത്തോടെ റയൽ മാഡ്രിഡ് 81 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. ബാഴ്സലോണക്ക് 70 പോയിന്റാണ് ഉള്ളത് . ഇനി 6 മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്.