റയൽ മാഡ്രിഡ് ക്ലബിനകത്ത് പ്രശ്നങ്ങൾ ഉള്ളതായി അഭ്യൂഹം. ക്ലബ് ക്യാപ്റ്റൻ സെർജിയോ റാമോസും ക്ലബ് പ്രസിഡന്റ് പെരസുമായി ഉടക്കിയതായി സ്പാനിഷ് മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് പരാജയത്തിനു ശേഷമായിരുന്നു ഉടക്ക്. പെരെസ് ആണ് ക്ലബിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം എന്ന് റാമോസ് ആരോപിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, സിദാൻ തുടങ്ങിയവർക്ക് പകരെക്കാരെ കണ്ടെത്താൻ പെരെസിനാകാത്തത് ആണ് റാമോസിനെ പ്രകോപിപിച്ചത്.
താൻ ഈ ക്ലബ് വിടാൻ ഒരുക്കമാണെന്നും റാമോസ് പറഞ്ഞു. തനിക്ക് കരാറിലെ തുക തരുകയാണെങ്കിൽ ക്ലബ് വിടാമെന്ന് പറഞ്ഞ റാമോസ് താൻ ഈ ക്ലബിനു വേണ്ടി ജീവൻ കൊടുത്തു കളിച്ചിട്ടുണ്ട് എന്ന് പെരെസിനെ ഓർമ്മിപ്പിക്കുകയും ചെയ്തു. റയൽ മാഡ്രിഡ് ഈ സീസണിൽ ദയനീയ പ്രകടനമാണ് നടത്തിയത്. അവസാന ആഴ്ചയിൽ കളിക്കാച്ച മൂന്ന് മത്സരങ്ങളും റയൽ പരാജയപ്പെട്ടിരുന്നു. അയാക്സിനെതിരെ 4-1ന്റെ പരാജയമാണ് സ്വന്തം ഗ്രൗണ്ടിൽ റയൽ മാഡ്രിഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്.