“തിരിച്ചുവരും” , വിടവാങ്ങലിൽ വികാരഭരിതനായി പിക്വേ

ക്യാമ്പ്ന്യൂവിന്റെ തട്ടകത്തിൽ അവസാനമായി ബാഴ്‌സലോണ ജേഴ്‌സിയണിഞ്ഞു ജെറാർഡ് പിക്വേ ഇറങ്ങി. അൽമേരിയയോടുള്ള വിജയശേഷം തന്റെ വിടവാങ്ങൽ ചടങ്ങിൽ താരം വികാരം അടക്കിപ്പിടിക്കാൻ ആവാതെ കണ്ണീർ വാർത്തു. സഹതാരങ്ങളോടും ടീമിലെ എല്ലാ സ്റ്റാഫിനോടും ആരാധകരോടും നന്ദി അറിയിച്ചു കൊണ്ടാണ് പിക്വേ പ്രസംഗം ആരംഭിച്ചത്.

20221106 181711

“പ്രായം കൂടുമ്പോൾ ചിലതൊക്കെ കയ്യൊഴിയുന്നതാണ് യഥാർത്ഥ സ്നേഹമെന്ന് നാം തിരിച്ചറിയും. ബാഴ്‌സയെ ഞാൻ സ്നേഹിക്കുന്നു, അത് കൊണ്ടാണ് ഇപ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇത് തന്റെ യാത്രയപ്പ് ആയി കാണേണ്ടതില്ല, പതിനേഴാം വയസിൽ ഒരുതവണ താൻ ടീമിനോട് വിടപറഞ്ഞതാണ്. ഭാവിയിൽ വീണ്ടും താൻ ക്ലബ്ബിൽ തന്നെ ഉണ്ടാവും. ജനിച്ച ദിവസം മുത്തച്ഛൻ തന്നെ ഒരു ക്ലബ്ബ് മെമ്പർ ആയി രെജിസ്റ്റർ ചെയ്തിരുന്നു. ഇവിടെയാണ് ഞാൻ ജനിച്ചത്, മരിക്കുന്നതും ഇവടെ വെച്ചാകും.” പിക്വേ പറഞ്ഞു.

ഒസാസുനക്കെതിരേയുള്ള അടുത്ത മത്സരത്തിലും പിക്വേ ടീമിനോടോപ്പം ഉണ്ടാകും എങ്കിലും അവസാന മത്സരം ക്യാമ്പ്ന്യൂവിൽ വെച്ചു തന്നെ ആവണം എന്നുള്ളതിനാൽ താരം കളത്തിൽ ഇറങ്ങിയേക്കില്ല.