അത്ലറ്റികോ മാഡ്രിഡ് താരം ജിയോഫ്രയ് കൊണ്ടോഗ്ബിയയെ ഒളിമ്പിക് മാഴ്സെ ടീമിലേക്ക് എത്തിച്ചു. എട്ട് മില്യൺ യൂറോയാണ് കൈമാറ്റ തുകയെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ മെഡിക്കൽ പരിശോധനകൾ ഉടൻ നടക്കും. 2027 വരെയാണ് ഫ്രഞ്ച് ക്ലബ്ബിൽ താരത്തിന് കരാർ ഉണ്ടായിരിക്കുക.
കഴിഞ്ഞ വാരം തന്നെ കൈമാറ്റത്തിന് ടീമുകൾ ധാരണയിൽ എത്തിയിരുന്നു. മുൻപ് ഫ്രഞ്ച് ദേശിയ ടീമിന് വേണ്ടിയും പന്ത് തട്ടിയിട്ടുള്ള സെൻട്രൽ ആഫ്രിക്കൻ താരം ലീഗ് 1ൽ ലെൻസിലൂടെയാണ് സീനിയർ കരിയർ ആരഭിക്കുന്നത്. പിന്നീട് സെവിയ്യ, മൊണാക്കോ, ഇന്റർ മിലാൻ, വലൻസിയ എന്നീ ക്ലബ്ബുകൾക്ക് ശേഷം അത്ലറ്റികോ മാഡ്രിഡിൽ എത്തി. ആദ്യ സീസണുകളിൽ സിമിയോണിയുടെ ടീമിൽ ഇടം പിടിക്കാൻ ആയെങ്കിലും കഴിഞ്ഞ സീസണിൽ അവസരങ്ങൾ താരതമ്യേന കുറവായിരുന്നു. ഇതോടെ ടീമുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെ പുതിയ തട്ടകം തേടാനുള്ള സന്നദ്ധത താരം അറിയിച്ചു. പുതിയ കോച്ച് മാഴ്സെലിനോക്ക് കീഴിലെ ടീമിന്റെ ആദ്യ സൈനിങ് ആണ് കൊണ്ടോഗ്ബിയ. മാഴ്സെ താരം ഗ്വെൻഡൂസി ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയൊരു താരത്തെ ടീം മധ്യനിരയിലേക്ക് എത്തിക്കുന്നത്.
Download the Fanport app now!