ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ബാഴ്സലോണയ്ക്ക് അനായാസ വിജയം. ഇൻ എവേ മത്സരത്തിൽ ഐബറിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയിച്ചത്. ബാഴ്സലോണയുടെ അറ്റാക്കിംഗ് നിരയിലെ പ്രമുഖരായ മെസ്സിയും, സുവാരസും, ഗ്രീസ്മനും ആദ്യമായി ഒരു മത്സരത്തിൽ ഗോളടിച്ച മത്സരമായിരുന്നു ഇത്.
കളിയുടെ 13ആം മിനുട്ടിൽ ഗ്രീസ്മെൻ ആണ് ബാഴ്സലോണയ്ക്ക് ആദ്യം ലീഡ് നൽകിയത്. ഫ്രഞ്ച് ഡിഫൻഡറ്റ് ലെങ്ലെറ്റിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗ്രീസ്മൻ ഗോൾ. ലെങ്ലെറ്റിന്റെ ബാഴ്സലോണ കരിയറിലെ ആദ്യ ഗോൾ സംഭാവനയാണ് ഇത്. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ മെസ്സിയിലൂടെ ബാഴ്സലോണ രണ്ടാം ഗോളും നേടി. ഗ്രീസ്മൻ ആയിരുന്നു ഇത്തവണ അസിസ്റ്റ് ഒരുക്കിയത്.
കളിയുടെ 66ആം മിനുട്ടിൽ മെസ്സിയുടെ പാസ് സ്വീകരിച്ച് ഗോളടിച്ച സുവാരസ് ബാഴ്സലോണയുടെ ഗോൾ പട്ടിക പൂർത്തിയാക്കുകയുൻ ചെയ്തു. ഈ വിജയത്തോടെ 19 പോയന്റുമായി ബാഴ്സലോണ താൽക്കാലികമായി ലീഗിൽ ഒന്നാമത് എത്തി.