ബാഴ്സലോണയുടെ സൂപ്പർ സ്റ്റാറായ ലയണൽ മെസ്സിക്കായുള്ള പുതിയ കരാർ അണിയറയിൽ ഒരുക്കുകയാണ് ബാഴ്സലോണ മാനേജ്മെന്റ്. ഇപ്പോൾ 2021വരെയാണ് മെസ്സിക്ക് കരാർ ഉള്ളത്. ആ കരാറിന് ശേഷം ക്ലബ് വിടാനുള്ള അവകാശം മെസ്സിക്ക് നേരത്തെ തന്നെ ബാഴ്സലോണ നൽകിയിരുന്നു. എന്നാൽ താരത്തെ ഏതു വിധത്തിലും ക്ലബിൽ നിൽനിർത്താൻ ശ്രമിക്കുകയാണ് ബാഴ്സലോണ. മെസ്സിയെ കളത്തിൽ മാത്രമല്ല കളത്തിന് പുറത്തും ബാഴ്സലോണയ്ക്ക് ആവശ്യമാണ്.
മെസ്സിയുടെ സാന്നിദ്ധ്യമാണ് ബാഴ്സലോണയെ സാമ്പത്തികമായി ഉയർന്ന സ്ഥിതിയിൽ ഇപ്പോഴും നിർത്തുന്നത്. അതുകൊണ്ട് തന്നെ മെസ്സിയെ നഷ്ടപ്പെടുത്തിയാൽ ബാഴ്സലോണയ്ക്ക് അത് വലിയ തിരിച്ചടിയാകും. അതുകൊണ്ട് പുതിയ വലിയ ഓഫർ തന്നെയാണ് ബാഴ്സലോണ മെസ്സിക്ക് മുന്നിൽ വെക്കുന്നത്. വർഷം 50മില്യൺ യൂറോ വേതനമായി കിട്ടുന്ന കരാർ ആകും മെസ്സിക്കായി ക്ലബ് നൽകുക. ഇന്ത്യൻ റുപ്പിയിൽ 400കോടിയിൽ അധികം വരും ഇത്.
2023വരെ നീണ്ടു നിൽക്കുന്ന ഈ കരാർ മെസ്സി അംഗീകരിക്കും എന്ന്ക്ലബ് കരുതുന്നു. മെസ്സി വിരമിക്കുന്നത് വരെ ക്ലബിൽ തുടരണം എന്നാണ് ബാഴ്സലോണ ക്ലബ് ആഗ്രഹിക്കുന്നത്.