ബാഴ്സലോണക്ക് പിന്തുണയുമായി എത്തിയ ല ലീഗ അധികൃതർക്ക് എതിരെ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജ് മെസ്സി രംഗത്ത്. താരത്തിന്റെ 700 മില്യൺ യൂറോ റിലീസ് ക്ളോസ് നിലനിൽക്കുന്ന ഒന്നല്ല എന്നാണ് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞത്. ആഗസ്റ്റ് 30 നാണ് റിലീസ് ക്ളോസ് നൽകാതെ മെസ്സിക്ക് ബാഴ്സലോണ വിടാനാകില്ല എന്ന് ല ലീഗ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബാഴ്സ വിടാൻ ഉറച്ച മെസ്സിയും ക്യാമ്പും തന്റെ കരാറിലുള്ള ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാം എന്ന കണക്ക് കൂട്ടലിലാണ്. ഓരോ സീസണിന്റെയും അവസാനം ഫ്രീ ട്രാൻസ്ഫറിൽ പോകാം എന്ന കരാർ വ്യവസ്ഥ നിലനിൽക്കില്ല എന്നാണ് ബാഴ്സലോണയുടെ പക്ഷം. ഈ വ്യവസ്ഥ ജൂണിൽ തന്നെ തീർന്നു എന്നാണ് ബാഴ്സയുടെ നിലപാട്. പക്ഷെ കോവിഡിന്റെ സാഹചര്യത്തിൽ സീസൺ നീണ്ടത് കാരണം കരാറും നീളും എന്നാണ് മെസ്സിയുടെ നിലപാട്. എന്തായാലും വരും ദിവസങ്ങളിൽ തർക്കം കോടതിയിൽ എത്താനാണ് സാധ്യത.