ബാഴ്‌സയെ ഞെട്ടിച്ച് മെസ്സി !! അബിദാലിന് രൂക്ഷ വിമർശനവുമായി സൂപ്പർ താരം രംഗത്ത്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയിൽ അസാധാരണ സംഭവങ്ങൾക്ക് തുടക്കം കുറിച്ച് സൂപ്പർ താരം ലയണൽ മെസ്സി രംഗത്ത്. ഏർണസ്റ്റോ വാൽവേർഡയെ ബാഴ്സ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ബോർഡ് അംഗം എറിക് അബിദാൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മെസ്സി പരസ്യമായി രംഗത്ത് എത്തി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം ബോർഡ് അംഗത്തിന് എതിരെ തിരിഞ്ഞത്. കരിയറിൽ ആദ്യമായാണ് മെസ്സി പരസ്യമായി ബോർഡിന് എതിരെ പ്രതികരണം നടത്തുന്നത്.

നേരത്തെ വാൽവേർഡയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് അബിദാൽ കളിക്കാർക്ക് എതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ചില കളിക്കാർ വാൽവേർഡക്ക് കീഴിൽ വേണ്ടത്ര പരിശ്രമിച്ചില്ല എന്നാണ് അബിദാൽ പറഞ്ഞത്. ഇതിന് മറുപടിയെന്നോണമാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ അബിദാലിന്റെ പ്രസ്താവനയുടെ സ്ക്രീൻ ഷോട്ട് അടക്കം മെസ്സി പോസ്റ്റ് ഇട്ടത്.

ഇത് ഇങ്ങനെ പറയാൻ താൻ ആഗ്രഹിക്കുന്നില്ല എങ്കിലും ഓരോരുത്തരും അവരവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദി ആയിരിക്കണം എന്ന് പറഞ്ഞാണ് മെസ്സി പോസ്റ്റ് തുടങ്ങുന്നത്. കളിക്കളത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് കളിക്കാർ ഉത്തരവാദി ആണെങ്കിലും ഓരോരുത്തരും അവരവരുടെ ചുമതലകളിൽ ഉള്ള പങ്ക് മറക്കരുത്. കളിക്കാരെ പരാമർശിക്കുമ്പോൾ അവരുടെ പേര് പറയണം എന്നും അല്ലെങ്കിൽ അത് അനാവശ്യ വ്യാഖ്യാനങ്ങൾക്ക് ഇട വരുത്തും എന്നും മെസ്സി പോസ്റ്റിൽ വ്യക്തമാക്കി.

വാൽവേർഡയുമായി ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്ന മെസ്സി തന്നെ ബോർഡ് അംഗത്തിന് എതിരെ തിരിഞ്ഞതോടെ വരും ദിവസങ്ങളിൽ ബാഴ്സയിൽ നിന്ന് നിർണായക വിവരങ്ങളാകും പുറത്ത് വരിക. മെസ്സിയുടെ പാത പിന്തുടർന്ന് മറ്റു കളിക്കാരും രംഗത്ത് വന്നാൽ അത് ബാഴ്‌സയെ അവരുടെ ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധിയിലേക്ക് ആകും നയിക്കുക എന്ന് ഉറപ്പാണ്. മെസ്സിയുടെ മുൻ സഹ താരം കൂടിയാണ് അബിദാൽ.