തന്റെ മുൻ പരിശീലകരെ കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി. മുൻ അർജന്റീനൻ താരമായിരുന്ന ജോർജെ വൽദാനോയുടെ “യൂണിവേഴ്സോ വൽദാർനോ” എന്ന പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. പെപ്പ് ഗ്വാർഡിയോള, എൻറിക്വേ എന്നിവരെ കുറിച്ച് മെസ്സി സംസാരിച്ചു.
ഗ്വാർഡിയോള തന്നെയാണ് തന്നെ പരിശീലിപ്പിച്ച ഏറ്റവും മികച്ച കോച്ച് എന്ന് മെസ്സി പറഞ്ഞു. അദ്ദേഹം ബാഴ്‌സലോണയിൽ കാണിച്ചു തന്നത് വീണ്ടും ആവർത്തിക്കുക അസംഭവ്യമാണെന്നും മെസ്സി കൂട്ടിച്ചെർത്തു. പെപ്പ് ഫുട്ബോളിന് “പരിക്കുകൾ” ഉണ്ടാക്കി വെച്ചതായി മെസ്സി തമാശ രൂപേണ പറഞ്ഞു. “അദ്ദേഹത്തിന് കീഴിൽ എല്ലാം അനായാസമായി തോന്നിപ്പിച്ചു, അത് പകർത്താനും പലരും ശ്രമിച്ചു. പക്ഷെ പിന്നീട് താൻ തിരിച്ചറിഞ്ഞു, എന്താണ് അദ്ദേഹത്തോടൊപ്പം പടുത്തിയർത്തിയിരുന്നത് എന്ന്” മെസ്സി പറഞ്ഞു.
എൻറിക്വേക്കൊപ്പം ഉണ്ടായ ഒരസാധാരണ സംഭവത്തെ കുറിച്ചും മെസ്സി പറഞ്ഞു. 2015ൽ സീസണിന്റെ ഇടക്ക് ഇടവേള കഴിഞ്ഞു ജനുവരിയിൽ മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ എൻറിക്വേ തന്നെ പിൻവലിച്ചു. ശേഷം തങ്ങൾ തമ്മിൽ ചെറിയ തരത്തിൽ വാഗ്വാദം നടന്നു. എന്നാൽ അതിനു ശേഷം എല്ലാം പഴയതിനെക്കാൾ നന്നായി. പിന്നീട് ഗാഢമായ ബന്ധമാണ് താനും എൻറിക്വെയും തമ്മിൽ തുടരുന്നത് എന്നും മെസ്സി ഓർത്തെടുത്തു. എൻറിക്വെ ബാഴ്‌സ വിടാൻ ഉദ്ദേശിച്ച സമയത്തു തങ്ങൾ വീണ്ടും ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തെ നിർബന്ധിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹം സന്നദ്ധനായില്ല എന്നും മെസ്സി പറഞ്ഞു. അഭിമുഖത്തിന്റെ പൂർണ രൂപം തിങ്കളാഴ്ച സംപ്രേഷണം ചെയ്യും.