റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കുന്ന റെക്കോർഡിന് ഒപ്പമെത്തി ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാഴ്‌സെലോ. ഇന്നലെ നടന്നസൂപ്പർ കോപ്പ ഫൈനൽ മത്സരത്തിൽ അത്‌ലറ്റിക് ക്ലബ്ബിനെ പരാജയപ്പെടുത്തി റയൽ കിരീടം നേടിയതോടെയാണ് മാഴ്‌സെലോ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഈ സൂപ്പർ കോപ്പ അടക്കം 23 കിരീടങ്ങൾ ആണ് മാഴ്‌സെലോ റയലിനൊപ്പം നേടിയിട്ടുള്ളത്. ഇതോടെ 1953 – 71 കാലഘട്ടത്തിൽ റയലിനൊപ്പം 23 കിരീടങ്ങൾ നേടിയ ഫ്രാസിസ്കോ ഹെന്റോയുടെ റെക്കോർഡിനൊപ്പമെത്തുകയായിരുന്നു മാഴ്‌സെലോ. 22 കിരീടങ്ങൾ നേടിയ സെർജിയോ റാമോസ് ആണ് പട്ടികയിൽ തൊട്ടടുത്തുള്ളത്.
2007ൽ റയലിൽ എത്തിയ മാഴ്‌സെലോ 5 ലാലിഗ കിരീടങ്ങൾ, 2 കോപ്പ ഡെൽ റേ , 5 സൂപ്പർ കോപ്പ, 4 ചാമ്പ്യൻസ് ലീഗ്, 3 യുവേഫ സൂപ്പർ കപ്പ്, 4 ക്ലബ് ലോകകപ്പ് എന്നിവ മാഴ്‌സെലോ റയലിന്റെ കൂടെ നേടിയിരുന്നു. നിലവിൽ റയലിന്റെ ക്യാപ്റ്റൻ കൂടെയായ മാഴ്‌സെലോ പക്ഷെ ഇപ്പോൾ റയൽ ടീമിൽ സ്ഥിര സാന്നിധ്യമല്ല. തന്റെ മികച്ച ഫോമിലേക്ക് തിരിചു വരാനുള്ള കഠിന പ്രയത്നത്തിൽ ആണ് മാഴ്‌സെലോയുള്ളത്. ഫൈനൽ മത്സരത്തിൽ 86ആം മിനിറ്റിൽ പകരക്കാരനായാണ് മാഴ്‌സെലോ ഇറങ്ങിയത്.