എഫ്സി ബാഴ്‌സലോണയുടെ വലകാത്തു കൊണ്ട് ജർമൻ താരം മാർക് ആന്ദ്രെ റ്റെർ സ്റ്റഗൻ തന്നെ തുടരും. താരത്തിന് ക്ലബ്ബിൽ പുതിയ കരാർ ഒരുങ്ങിയിരിക്കുകയാണ്. ഉടനെ ഔദ്യോഗികമായി തന്നെ കരാറിൽ ഇരു കൂട്ടരും ഒപ്പിടും. ഇതോടെ 2028 വരെ റ്റെർ സ്റ്റഗന്റെ സേവനം ബാഴ്‌സക്ക് തുടർന്നും ലഭ്യമാവും. താരത്തിന്റെ നിലവിലെ കരാർ 2025 ഓടെ അവസാനിക്കാൻ ഇരിക്കുകയാണ്.
ഇടക്കാലത്ത് ടീമിനോടൊപ്പം മോശം ഫോമിലേക്ക് വീണിരുന്ന റ്റെർ സ്റ്റഗൻ എന്നാൽ സാവിക്ക് കീഴിൽ വീണ്ടും തന്റെ പ്രതാപം വീണ്ടെത്തിരുന്നു. കഴിഞ്ഞ സീസണിൽ റെക്കോർഡ് ക്ലീൻ ഷീറ്റും സ്വന്തമാക്കിയ താരം നിലവിൽ ബാഴ്‌സയുടെ രണ്ടാം ക്യാപ്റ്റനും ആണ്. സെർജി റോബർട്ടോക്ക് ശേഷം ടീമിന്റെ നായകനായും ജർമൻ താരം ഉയരും. അതേ സമയം പുതിയ കരാർ പ്രകാരം തന്റെ വരുമാനത്തിലും ചില വിട്ടു വീഴ്ചകൾക്ക് താരം തയ്യാറായതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരും സീസണിലെ സാലറിയുടെ ഒരു ഭാഗം വരുന്ന സീസണുകളിലേക്ക് നീക്കി വെക്കാനാണ് തീരുമാനം. ഇത് ഫിനാൻഷ്യൽ ഫെയർ പ്ലേയിൽ ടീമിനെ വളരെയധികം സഹായിക്കും. ബാഴ്‌സലോണ ജേഴ്‌സയിൽ റ്റെർ സ്റ്റഗന്റെ പത്താം സീസണാണ് ഇത്.