ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ പരാജയഭാരം ഏറ്റെടുത്ത് ഫ്രഞ്ച് സൂപ്പർ സ്റ്റാർ റാഫേൽ വരാനെ. പെപ് ഗ്വാർഡിയോളയുടെ മാൻ സിറ്റിയോട് 2-1 ന്റെ പരാജയമാണ് റയൽ ഏറ്റുവാങ്ങിയത്. 4-2 ന്റെ അഗ്രിഗേറ്റ് സ്കോറിയാണ് സിറ്റി ക്വാർട്ടറിൽ കടന്നത്. മത്സരത്തിൽ സിറ്റിയുടെ രണ്ട് ഗോളുകളും പിറന്നത് വരാനെയുടെ പിഴവുകളിലൂടെയാണ്.
ഇതെന്റെ പരാജയമാണ്, ഈ മത്സരത്തിൽ എനിക്ക് പറ്റിയ പിഴവുകളാണ് റയലിന്റെ പരാജയത്തിലേക്ക് നയിച്ചതെന്ന് ഏറ്റുപറഞ്ഞ വരാനെ റയൽ ശക്തമായി തിരിച്ച് വരുമെന്ന് പ്രത്യാശയും പ്രകടിപ്പിച്ചു. ക്യാപ്റ്റന്റെ റാമോസിന്റെ അഭാവത്തിൽ ടീമിന്റെ പ്രതിരോധം നയിക്കേണ്ട വരാനെക്ക് ഇന്ന് തൊട്ടതെല്ലാം പിഴച്ചു. കളിയുടെ ഒമ്പതാം മിനുട്ടിൽ വരാനെ വരുത്തിയ പിഴവ് മുതലെടുത്താണ് സ്റ്റെർലിംഗിലൂടെ സിറ്റി ലീഡ് എടുത്തത്. ബെൻസിമ തിരിച്ചടിച്ചെങ്കിലും രണ്ടാം പകുതിയിൽ റയൽ തിരെമങ്ങിപ്പോയി. ഗോൾ കീപ്പർ കോർതോ മികച്ച് നിന്നെങ്കിലും വീണ്ടും വരാനെ പിഴവ് വരുത്തുകയായിരുന്നു.
68ആം മിനുട്ടിൽ വരാനെ ചെയ്ത ഒരു ബാക്ക് ഹെഡർ കൈക്കലാക്കി ജീസുസ് മാൻ സിറ്റിയുടെ വിജയഗോളും നേടി. അവസാന 11 മത്സരങ്ങളിൽ പത്തും ജയിച്ച് ലാ ലീഗ കിരീടമുയർത്തിയ സിദാനും സംഘവും ഇത്തവണ നോക്കൗട്ട് കടക്കാതെ മടങ്ങാനായിരുന്നു വിധി.