ലാ ലീഗയിൽ സമനിലക്കുരുക്ക്. സ്പാനിഷ് ലീഗിലെ വാശിയേറിയ മാഡ്രിഡ് ഡെർബി സമനിലയിൽ. ഗോളൊന്നുമടിക്കാതെ പോയന്റ് പങ്കിട്ട് റയൽ മാഡ്രിഡും അത്ലെറ്റിക്കോ മാഡ്രിഡും പിരിഞ്ഞു. വാൻഡ മെട്രോപൊളിറ്റനോ സ്റ്റേഡിയത്തിൽ ആവേശോജ്വലമായ മത്സരം പ്രതീക്ഷിച്ച ഫുട്ബോൾ ആരാധകർക്ക് നിരാശയായിരുന്നു ഫലം.
മാഡ്രിഡ് ഡെർബിയിൽ ഇത് ഏഴാം തവണയാണ് ജയമില്ലാതെ അത്ലെറ്റിക്കോ മാഡ്രിഡ് മടങ്ങുന്നത്. ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ ഈഡൻ ഹസാർഡ് നിറം മങ്ങിയ കാഴ്ച്ചയാണ് കളിക്കളത്തിലുണ്ടായത്. ഇരു ടീമുകളും തുടർച്ചയായ മൂന്നാം തവണയും ക്ലീൻ ഷീറ്റ് സൂക്ഷിച്ചു. ഇന്നതെ സമനില ലാ ലീഗയിൽ പോയന്റ് നിലയിൽ റയലിനെ ഒന്നാം സ്ഥാനത്തെത്തിച്ചു. ഗ്രനഡയ്ക്ക് പിറകിൽ മൂന്നാം സ്ഥാനത്താണ് പോയന്റ് നിലയിൽ അത്ലെറ്റിക്കോ മാഡ്രിഡ് ഇപ്പോൾ.













