മാഡ്രിഡ് ഡെർബി റഫറിയിങ് വിവാദം കൊഴുക്കുന്നു

Jyotish

മാഡ്രിഡ് ഡെർബി റഫറിയിങ് വിവാദം കൊഴുക്കുന്നു. മത്സരത്തിന് ശേഷം തന്നെ ഏറെ വിമർശങ്ങൾ റഫറിക്ക് നേരെ ഫുട്ബോൾ ലോകത്ത് നിന്നുമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് റഫറിയെ വിമർശിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ട്വീറ്റ് ഇട്ടത്. വളരെ ഫിസിക്കലായ മത്സരത്തിൽ പലപ്പോളും വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിന്റെ സഹായം റഫറി ജാവിയർ ഫെർണാണ്ടസ് തേടിയിരുന്നു.

ആതിഥേയരായ അത്ലറ്റിക്കോ മൂന്നു ചിത്രങ്ങൾ ഉൾപ്പെടുത്തിയൊരു ട്വീറ്റ് ആണ് ഇട്ടത്. റയൽ മാഡ്രിഡിന് ലഭിച്ച പെനാൽറ്റിക്ക് കാരണമായ ടാക്കിൾ ആണ് ആദ്യ ചിത്രത്തിൽ. ജിമിനെസ് വിനീഷ്യസ് ജൂനിയറിനെ ബോക്സിനു പുറത്ത് നിന്നാണ് വീഴ്ത്തിയതിന് ചിത്രത്തിൽ വ്യക്തമായി കാണാം. എന്നാൽ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു.

രണ്ടാമത്തെ ചിത്രത്തിൽ മോറോട്ടയുടെ ഓഫ് സൈഡ് ഗോളാണ്. ചിത്രത്തിൽ വ്യക്തത വരുത്തുമ്പോൾ അത് ഓൺ സൈഡാണെന്നു കാണാം. മൂന്നാം ചിത്രത്തിൽ മൊറാട്ടയെ ബോക്സിൽ വീഴ്ത്തിയ കസ്‌മിറോയുടെ ചലഞ്ച് ആണ്. പെനാൽറ്റി അനുവദിക്കണമെന്നായിരുന്നു അത്ലറ്റിക്കോയുടെ ആവശ്യം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയെ വീഴ്ത്തി റയൽ മാഡ്രിഡ് ഡെർബി സ്വന്തമാക്കിയത്.