ലാലിഗയിൽ ഒന്നാമത് എത്താനുള്ള അവസരം ഒരിക്കൽ കൂടെ കളഞ്ഞ് റയൽ മാഡ്രിഡ്. ഇന്ന് മാഡ്രിഡ് ഡെർബിയിൽ ജയിച്ചിരുന്നെങ്കിൽ റയലിന് ലീഗിൽ ഒന്നാമത് എത്താമായിരുന്നു. എന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയ റയലിന് അത്ലറ്റിക്കോ മാഡ്രിഡിനെ മറികടക്കാൻ ആയില്ല. ഗോൾരഹിതമായാണ് മത്സരം അവസാനിച്ചത്.
രണ്ടു ടീമിലെയും ഗോൾകീപ്പർമാരുടെയും മികച്ച പ്രകടനത്തിനും ഇന്ന് സാക്ഷിയായി. ആദ്യ പകുതിയിൽ മികച്ച സേവുകളുമായി കോർട്ട റയലിനെ രക്ഷിച്ചപ്പോൾ, മറുവശത്ത് ഒബ്ലാക്ക് സേവുകളിലൂടെ അത്ലറ്റിക്കോയെയും സഹായിച്ചു. ബെയ്ല് പരിക്കേറ്റ് കളം വിട്ടതും റയലിന് തിരിച്ചടിയായി. അവസാന 45 മിനുട്ടും ബെയ്ല് റയലിനൊപ്പം ഉണ്ടായിരുന്നില്ല.
ഇത് തുടർച്ചയായ ആറാം സീസണിലാണ് മാഡ്രിഡ് ഡെർബിയിൽ ബെർണബവുവിൽ റയൽ വിജയിക്കാതിരിക്കുന്നത്. ഏഴു മത്സരങ്ങളിൽ 14 പോയന്റുമായി രണ്ടാമതാണ് റയൽ ഇപ്പോൾ ഉള്ളത്. ഒന്നാമതുള്ള ബാഴ്സക്കും 14 പോയന്റ് മാത്രമെ ഉള്ളൂ. 12 പോയന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് നാലാമതുണ്ട്.