റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് താല്‍പര്യമെന്ന് ലുക്കാ മോഡ്രിച്ച്

Staff Reporter

തന്റെ കരാർ കാലാവധി കഴിഞ്ഞിട്ടും റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലുക്കാ മോഡ്രിച്ച്. സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം സംസാരിക്കുകയായിരുന്നു മോഡ്രിച്ച്. ഈ വർഷത്തെ ബലോൺ ഡി ഓർ ജേതാവായ ലുക്കാ മോഡ്രിച്ചിന് റയൽ മാഡ്രിഡിൽ പുതിയ കരാർനൽകുമെന്നാണ് കരുതപ്പെടുന്നത്.

തന്റെ നിലവിലുള്ള കരാറിൽ 18 മാസം കൂടി ബാക്കിയുണ്ടെന്നും എന്നാൽ ആ കരാറിനുമപ്പുറം റയൽ മാഡ്രിഡിൽ നിൽക്കാനാണ് താൽപര്യമെന്നും ലുക്കാ മോഡ്രിച്ച് പറഞ്ഞു. 2020വരെയാണ് റയൽ മാഡ്രിഡിൽ ലുക്കാ മോഡ്രിച്ചിന്റെ കരാർ. നേരത്തെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മോഡ്രിച്ച് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലേക്ക് പോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.