എന്റെ ലോകകപ്പ് നായകന്‍ മാക്സ്വല്‍: മിച്ചല്‍ ജോണ്‍സണ്‍

ഓസ്ട്രേലിയയെ ലോകകപ്പില്‍ നയിക്കുവാന്‍ ഏറ്റവും അനുയോജ്യനായ താരം ഗ്ലെന്‍ മാക്സ്വെല്‍ ആണെന്ന് അഭിപ്രായപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍. തന്റെ ഈ അഭിപ്രായം പലരുടെയും നെറ്റി ചുളിച്ചേക്കാം എന്നാല്‍ മാക്സ്വെല്‍ ടീമുകളെ നയിച്ച് മുമ്പും കഴിവ് തെളിയിച്ച താരമാണ്. ബിഗ് ബാഷിലും ഐപിഎലിലും ടീമുകളെ നയിച്ച താരമാണ് മാക്സ്വെല്‍. ഇതില്‍ തന്നെ മെല്‍ബേണ്‍ സ്റ്റാര്‍സ് ഗ്ലെന്‍ മാക്സ്വെല്ലിന്റെ കീഴില്‍ ഏറെ മികവ് പുലര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.

ടീം മീറ്റിംഗുകളിലും ഫീല്‍ഡ് പൊസിഷനുകള്‍ നിശ്ചയിക്കുന്നതിലും മാക്സ്വെല്ലിനു മികവ് ഏറെയുണ്ടെന്നാണ് ജോണ്‍സണ്‍ പറയുന്നത്. നിലവിലെ നായകന്‍ ആരോണ്‍ ഫിഞ്ച് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനാലും സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഉടനെ തന്നെ നായക റോളുകള്‍ നല്‍കില്ല എന്നതിനാലും ഓസ്ട്രേലിയ തങ്ങളുടെ ക്യാപ്റ്റന്‍സി റോളിനായി ആളെ തപ്പി ബുദ്ധിമുട്ടുന്ന സാഹചര്യം ഉടലെടുക്കുന്നതിനിടയിലാണ് മിച്ചല്‍ ജോണ്‍സണ്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.