ജുലൻ ലോപ്പറ്റെഗിക്ക് മുകളിൽ മൂടിക്കെട്ടി നിന്ന കാർമേഘങ്ങൾ ഒടുവിൽ പൊട്ടിത്തെറിച്ചു. ഡോർട്മുണ്ടിനോട് സ്വന്തം തട്ടകത്തിൽ ഏട്ട തോൽവിക്ക് പിറകെ കോച്ചിനെ പുറത്താക്കിയതായി സെവിയ്യയുടെ പ്രഖ്യാപനം എത്തി. മത്സരത്തിന് മുൻപ് തന്നെ സ്പാനിഷ് കോച്ചിന്റെ അവസാന മത്സരം ആയിരിക്കും എന്ന് ഉറപ്പായിരുന്നു. മത്സര ശേഷം അദ്ദേഹം തന്നെ ഈ കാര്യം സൂചിപ്പിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു വിജയം പോലും നേടാൻ ടീമിനായിട്ടില്ല. ലാ ലീഗയിൽ ആവട്ടെ ഒരേയൊരു വിജയവുമായി പതിനേഴാം സ്ഥാനത്തും. സെവിയ്യക്ക് എന്നും തന്റെ ഹൃദയത്തിൽ ആയിരിക്കും സ്ഥാനമെന്ന് ലോപ്പറ്റെഗി പ്രതികരിച്ചു. താരങ്ങളോടും ക്ലബ്ബിനോടും ആരാധകരോടും അദ്ദേഹം നന്ദി അറിയിച്ചു.
മികച്ച താരങ്ങളെ നഷ്ടമാവുകയും പരിക്ക് അലട്ടിയതും ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. യൂറോപ്പ ലീഗ് നേടിയതും തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിതന്നതും ലോപ്പറ്റെഗിയെ ക്ലബ്ബിന്റെ ചാരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് സെവിയ്യ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. മുൻ അർജന്റീന കോച്ച് ജോർജെ സംപോളി ആവും ക്ലബ്ബിന്റെ പുതിയ പരിശീലകൻ എന്നാണ് സൂചനകൾ. സേവിയ്യയെയും മുൻപ് ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.