സമനിലയുമായി ലീഗ് ആരംഭിച്ച് പിന്നീട് താളം കണ്ടെത്തി തുടർ വിജയം നേടിയ ബാഴ്സലോണക്ക് അടുത്ത എതിരാളികൾ സെവിയ്യ. മൂന്ന് മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്റുമായി ബാഴ്‌സ ടേബിളിൽ നാലാം സ്ഥാനത്താണ്. അതേ സമയം സെവിയ്യക്ക് ഇതുവരെ വിജയം കണ്ടെത്താൻ ആയിട്ടില്ല. ലീഗിലെ പുതുക്കക്കാർ ആയ അൽമേരിയയോട് തോൽവിയുമായി തുടങ്ങിയ സെവിയ്യക്ക് വല്ലഡോളിഡിനെതിരെ സമനിലയും ഒസാസുനക്കെതിരെ തോൽവിയും ആണ് നേടാൻ ആയത്.
ലെവെന്റോവ്സ്കി തന്നെ ബാഴ്‌സയുടെ മുന്നേറ്റത്തെ നയിക്കും. ഫാറ്റി ഇതുവരെ ആദ്യ ഇലവനിൽ ടീമിനായി ഇറങ്ങിയിട്ടില്ല. ഗവിക്ക് പകരം ഡിയോങ്ങോ കെസ്സിയോ ആദ്യ ഇലവനിൽ എത്തിയേക്കും. അരങ്ങേറ്റ മത്സത്തിൽ റൈറ്റ് ബാക്ക് ആയി കളിച്ച മുൻ സെവിയ്യ താരം ജൂൾസ് കുണ്ടേ സെൻട്രൽ ഡിഫൻഡർ സ്ഥാനത്തേക്ക് മടങ്ങും. പങ്കാളി ആയി അരാഹുവോയോ മികച്ച പ്രകടനം തുടരുന്ന എറിക് ഗർഷ്യയോ എത്തും. ലെഫ്റ്റ് ബാക്കിൽ ബാൾഡേയിൽ സാവി വിശ്വാസം അർപ്പിച്ചു കഴിഞ്ഞു. റൈറ്റ് ബാക്ക് സ്ഥാനത്ത് ബെല്ലാരിന് അരങ്ങേറ്റത്തിനും അവസരം ഒരുങ്ങും
പ്രതിരോധത്തിലെ കരുത്തരെ നഷ്ടമായ സെവിയ്യക്ക് കാര്യങ്ങൾ അത്ര പന്തിയല്ല. പകരം ടീമിൽ എത്തിച്ച മാർകാവോ പരിക്കിന്റെ പിടിയിലും ആണ്. ടീമിലേക്ക് എത്തിച്ച ഇസ്കോ, യാനുസായി എന്നിവർ ലോപ്പറ്റ്യൂഗിയുടെ ടീമിന്റെ ആക്രമണം നയിക്കാൻ എത്തും. നീസിൽ നിന്നും ലോണിൽ എത്തിച്ച മുന്നേറ്റ താരം ഡോൾബെർഗിനും അവസരം ലഭിച്ചേക്കും.
വീണ്ടും വിജയം നേടാൻ ബാഴ്‌സ തുനിഞ്ഞിറങ്ങുമ്പോൾ ആദ്യ വിജയം നേടാൻ ആവും സെവിയ്യയുടെ ശ്രമം. സെവിയ്യയുടെ തട്ടകത്തിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് ആരംഭിക്കുക.