ലാ ലീഗ അടുത്ത സീസണിലേക്കുള്ള ഷെഡ്യൂൾ പുറത്തു വന്നപ്പോൾ ആദ്യ ദിനമായ ആഗസ്റ്റ് പതിനാലിന് ബാഴ്‌സലോണ റയോ വയ്യെക്കാനോയെ നേരിടും. സാന്റിയാഗോ ബെർണബ്യൂവിൽ വെച്ചു നടക്കുന്ന ആദ്യ എൽ ക്ലാസിക്കോ ഒക്ടോബർ പതിനാറിനാണ് നിശ്ചയിച്ചിരിക്കുന്നത്.
അത്ലറ്റികോ മാഡ്രിഡുമായുള്ള ആദ്യ മത്സരം ലോകകപ്പ് അവധിക്ക് ശേഷം ജനുവരി എട്ടിനാണ് നടക്കുന്നത്. നവംബറിൽ ലോകകപ്പിന് വേണ്ടി താൽക്കാലികമായി പിരിയുള്ള ലീഗ് പിന്നീട് ഡിസംബർ 31 നാണ് പുനരാരംഭിക്കുന്നത്. ബാഴ്‌സലോണ നഗരത്തിലെ തങ്ങളുടെ ചിരിവൈരികൾ ആയ എസ്പാന്യോളിനെ അന്നേ ദിവസം സാവിയുടെ ടീം നേരിടും.അത്ലറ്റിക്കോ മാഡ്രിഡുമായുള്ള രണ്ടാം മത്സരം ഏപ്രിൽ ഇരുപത്തിമൂന്നിന് നടക്കും. ക്യാമ്പ് ന്യൂ വേദിയാവുന്ന സീസണിലെ രണ്ടാം എൽ ക്ലാസിക്കോ മാർച്ച് പത്തൊൻപതിനാണ് നടക്കുന്നത്.
ജൂൺ വരെ നീളുന്ന ഇത്തവണത്തെ ലീഗിൽ അവസാന മത്സരത്തിൽ സെൽറ്റ വീഗൊയെ ആണ് നേരിടുന്നത്. ജൂൺ നാലിന് നടക്കുന്ന ഈ മത്സരം സെൽറ്റയുടെ ഹോം ഗ്രൗണ്ടിൽ വെച്ചു നടക്കും. അവസാന സീസണുകളിലെ തിരിച്ചടികൾ മറന്ന് സാവിക്ക് കീഴിൽ പുതിയ ഒരു തുടക്കമാണ് ബാഴ്‌സലോണ ആഗ്രഹിക്കുന്നത്.തുടക്കത്തിൽ പിറകിൽ പോയിട്ടും സാവിയുടെ കീഴിൽ ശക്തമായി തിരിച്ചു വന്ന് രണ്ടാം സ്ഥാനം വരെ കരസ്ഥമാക്കി കഴിഞ്ഞ സീസൺ അവസാനത്തിൽ നേടിയെടുത്ത ഊർജം തന്നെ പുതിയ സീസണിലും തുടരാൻ ആവും ടീം ശ്രമിക്കുക.