ഗേറ്റാഫയെ 3 ഗോളിന് തോൽപ്പിച്ച് ലാ ലീഗയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു സെവിയ്യ

ലാ ലീഗയിലെ മുന്നിരക്കാരുടെ പോരാട്ടത്തിൽ ഗേറ്റാഫയെ അവരുടെ മൈതാനത്ത് 3 ഗോളുകൾക്ക് തകർത്തു സെവിയ്യ. ജയത്തോടെ 43 പോയിന്റുകളുമായി അവർ 42 പോയിന്റുള്ള ഗേറ്റാഫ, 41 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് എന്നിവരെ മറികടന്ന് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. യൂറോപ്പ ലീഗിലെ കടുത്ത പോരാട്ടം കഴിഞ്ഞ ക്ഷീണത്തിൽ ആയിരുന്നു ഇരു ടീമുകളും ഇന്ന് മത്സരത്തിനു എത്തിയത്.

43 മിനിറ്റിൽ ലൂക്കാസ് ഒക്കെമ്പാസിലൂടെയാണ് സെവിയ്യ ആദ്യ ലീഡ് എടുത്തത്. തുടർന്ന് രണ്ടാം പകുതിയിൽ 67 മിനിറ്റിൽ ഫെർണാണ്ടോ ഫ്രാൻസിസ്കോ നേടിയ ഗോൾ വാർ അനുവദിച്ചതോടെ സെവിയ്യ ജയം ഉറപ്പിച്ചു. തുടർന്ന് 75 മിനിറ്റിൽ ജൂൾസിന്റെ ഗോളിൽ സെവിയ്യ തങ്ങളുടെ ജയം പൂർത്തിയാക്കി. 11 മഞ്ഞ കാർഡുകൾ കണ്ട പരുക്കൻ മത്സരം ആണ് ഇരു ടീമുകളും പുറത്ത് എടുത്തത്. അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത നിലനിർത്താൻ ആവും സെവിയ്യ ഇനിയുള്ള മത്സരങ്ങളിൽ ശ്രദ്ധിക്കുക.