ലീഗ് കിരീടം തന്നെ ലക്ഷ്യം, ജയം തുടർന്ന് റയൽ മാഡ്രിഡ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലാ ലീഗയിൽ കിരീടപോരാട്ടം കനക്കുന്നു. മല്ലോർക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു റയൽ മാഡ്രിഡ് വീണ്ടും ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. നിലവിൽ 31 കളികളിൽ നിന്ന് റയലിനും ബാഴ്‌സലോണക്കും 68 പോയിന്റുകൾ ആണ് ഉള്ളത് എന്നാൽ പരസ്പരം കളിച്ചതിൽ ജയം കണ്ട റയൽ ആണ് ലീഗിൽ ഒന്നാമത്. മല്ലോർക്ക റയലിന് എതിരെ മികച്ച പോരാട്ടം ആണ് നടത്തിയത്. എന്നാൽ ലാ ലീഗ കിരീടം മാത്രം ലക്ഷ്യം കാണുന്ന സിദാന്റെ ടീം പന്ത് ലക്ഷ്യം കാണുന്നതിൽ എതിരാളിയെ കവച്ച് വച്ചു. 19 മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ പാസിൽ നിന്നു യുവ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയർ ആണ് റയലിന് ലീഡ് സമ്മാനിച്ചത്.

ഗോൾ നേടിയ ശേഷം ബ്ളാക്ക് ലൈഫ്സ് മാറ്റർ പ്രതിഷേധങ്ങൾക്ക് കൈ ഉയർത്തി പിന്തുണ അറിയിക്കുകയും ചെയ്തു വിനിഷ്യസ്. തുടർന്ന് രണ്ടാം പകുതിയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടത്തിയ ക്യാപ്റ്റൻ സെർജിയോ റാമോസ് റയലിന്റെ ജയം ഉറപ്പിച്ചു. 55 മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് മികച്ച ഒരു വലത് കാലൻ അടിയിലൂടെ ലക്ഷ്യം കണ്ട റാമോസ് റയലിന്റെ ലക്ഷ്യം എതിരാളികൾക്ക് മനസ്സിലാക്കി നൽകുക ആയിരുന്നു. കരിയറിൽ ഗോളുകളിൽ റാമോസിന്റെ ഏറ്റവും മികച്ച വർഷമാണ് ഇത്. ഇതോടെ വളരെ ആവേശകരമായ കിരീടപോരാട്ടം ആവും സ്‌പെയിനിൽ ഇത്തവണ എന്നുറപ്പായി. ലീഗിൽ റയലിന്റെ അടുത്ത മത്സരം എസ്പാന്യോളിനോട് ആണ് ബാഴ്‌സക്ക് ആവട്ടെ സെൽറ്റ വിഗോ ആണ് എതിരാളികൾ.