സ്പാനിഷ് ലാ ലീഗയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുത്ത് റയൽ ബെറ്റിസ്. ലീഗിലെ പതിനാറാം സ്ഥാനക്കാരായ മല്ലോർക്കോയെ 2-1 നു വീഴ്‌ത്തിയ അവർ ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരും. ബെറ്റിസ് ആധിപത്യം കണ്ട മത്സരത്തിൽ 25 മത്തെ മിനിറ്റിൽ സെർജിയോ കനാൽസിന്റെ ക്രോസിൽ നിന്നു അലക്‌സാണ്ടറെ മൊറേനോ അവർക്ക് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് ഗോൾ നേടാനുള്ള ബെറ്റിസ് ശ്രമങ്ങൾ ഒന്നും വിജയം കണ്ടില്ല. ഇടക്ക് ഇരു ടീമുകളുടെയും ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. 75 മത്തെ മിനിറ്റിൽ കോസ്റ്റയുടെ ക്രോസിൽ നിന്നു വേദത്ത് മുറിക്വി ഹെഡറിലൂടെ ഗോൾ നേടിയതോടെ ബെറ്റിസ് ഞെട്ടി. 82 മത്തെ മിനിറ്റിൽ ഭാഗ്യം ബെറ്റിസിനെ തുണച്ചപ്പോൾ റോഡ്രിഗോയുടെ ഹാന്റ് ബോളിന് വാർ അവർക്ക് പെനാൽട്ടി അനുവദിച്ചു. പെനാൽട്ടി ലക്ഷ്യം കണ്ട വില്യം ജോസെ പെല്ലഗ്രിനിയുടെ ടീമിന് നിർണായക ജയം സമ്മാനിക്കുക ആയിരുന്നു.
അതേസമയം ആദ്യ നാലു എന്ന ലക്ഷ്യം പിന്തുടരുന്ന റയൽ സോസിദാഡ്, അത്ലറ്റികോ ബിൽബാവോ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ സോസിദാഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ബിൽബാവോ. ഡാർബിയിൽ ഒന്നിന് പിറകെ ഒന്നായി അവസരങ്ങൾ സൃഷ്ടിക്കുന്ന ബിൽബാവോയെ ആണ് മത്സരത്തിൽ കണ്ടത്. ആദ്യ പകുതിയിൽ 32 മത്തെ മിനിറ്റിൽ ഡേവിഡ് സിൽവയുടെ ഹാന്റ് ബോളിന് വാർ അനുവദിച്ച പെനാൽട്ടി ഐകർ മുനിയൻ പാഴാക്കി എങ്കിലും രണ്ടാം പകുതിയിൽ നാലു ഗോളുകൾ അടിച്ചു കൂട്ടുക ആയിരുന്നു ബിൽബാവോ. 68 മത്തെ മിനിറ്റിൽ ഡാനി വിവിയൻ കോർണറിൽ നിന്നു ഹെഡറിലൂടെയാണ് അവരുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് സാൻസറ്റ്, ഇനാകി വില്യംസ് ഒടുവിൽ പെനാൽട്ടി പാഴാക്കിയതിനു പകരമായി ഐകർ മുനിയൻ എന്നിവർ ആണ് ബിൽബാവോക്ക് ആയി ഗോളുകൾ നേടിയത്. നിലവിൽ ബിൽബാവോ ലീഗിൽ എട്ടാമതും സോസിദാഡ് ഏഴാമതും ആണ്.