ഓബ!!! ഒബമയാങ് അവതരിച്ചു! വലൻസിയെ തകർത്തു ബാഴ്‌സലോണ ടോപ് ഫോറിൽ

സ്പാനിഷ് ലാ ലീഗയിൽ പന്ത്രണ്ടാം സ്ഥാനക്കാരായ വലൻസിയക്ക് എതിരെ വമ്പൻ ജയവുമായി സാവിയുടെ ബാഴ്‌സലോണ. ജയത്തോടെ അത്ലറ്റികോ മാഡ്രിഡിനെ മറികടന്നു ആദ്യ നാലിലെ സ്ഥാനവും ബാഴ്‌സലോണ തിരിച്ചു പിടിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ബാഴ്‌സലോണ ആധിപത്യം പുലർത്തിയ മത്സരത്തിൽ അവർ ജയം കണ്ടത്. ബാഴ്‌സലോണക്ക് ആയി ഇരട്ട ഗോളുകളും ആയി കളം നിറഞ്ഞ ജനുവരിയിൽ ആഴ്‌സണലിൽ നിന്നു ടീമിൽ എത്തിയ ഒബമയാങ് ആണ് അവർക്ക് വലിയ ജയം സമ്മാനിച്ചത്. ടീമിന് ആയുള്ള താരത്തിന്റെ ആദ്യ ഗോളുകൾ ആയിരുന്നു ഇത്. മത്സരത്തിൽ 23 മത്തെ മിനിറ്റിൽ ജോർദി ആൽബയുടെ ലോങ് ബോളിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഒബമയാങ് തന്റെ ആദ്യ ഗോൾ കണ്ടത്തുക ആയിരുന്നു.

Img 20220220 Wa0300

തുടർന്ന് ഒമ്പതു മിനിറ്റുകൾക്കു ശേഷം ഡെമ്പേലയുടെ പാസിൽ നിന്നു ഫ്രാങ്കി ഡി ജോങ് ബാഴ്‌സക്ക് ആയി രണ്ടാം ഗോളും നേടി. 38 മത്തെ മിനിറ്റിൽ ഗാവിയുടെ പാസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ തന്റെ രണ്ടാം ഗോളും നേടിയ ഒബമയാങ് ബാഴ്‌സക്ക് മൂന്നാം ഗോളും സമ്മാനിച്ചു. തുടർന്ന് കാർലോസ് സോളർ വലൻസിയക്ക് ആയി ഒരു ഗോൾ തിരിച്ചടിച്ചു എങ്കിലും വാർ അത് ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ബ്രയാൻ ഗില്ലിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ കാർലോസ് സോളർ വലൻസിയക്ക് ആയി ഒരു ഗോൾ മടക്കി. എന്നാൽ 63 മത്തെ മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ പെഡ്രി ബാഴ്‌സലോണയുടെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. 7 മഞ്ഞ കാർഡുകൾ ആണ് മത്സരത്തിൽ പിറന്നത്. ഒബമയാങ് തിളങ്ങിയ മത്സരത്തിൽ ആദ്യ പതിനൊന്നിൽ ട്രയോരക്ക് പകരം ഇടം കിട്ടിയ ഡെമ്പേല മികച്ച പ്രകടനം ആണ് ഇന്ന് പുറത്ത് എടുത്തത്. ഈ മികവ് തുടർന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആവും ബാഴ്‌സലോണയിൽ സാവിയുടെ ശ്രമം.