എസി മിലാനിൽ നിന്നും ഫ്രീ ഏജന്റ് ആയി ബാഴ്‌സലോണയിൽ എത്തിയ ശേഷം ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു ഫ്രാങ്ക് കെസ്സി. കഴിഞ്ഞ ദിവസം വിക്ടോറി പ്ലെസനെതിരായ മത്സരത്തിൽ താരത്തിന് സാവി അവസരം നൽകി. എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പരിക്കേറ്റ് തിരിച്ചു കയറാൻ ആയിരുന്നു താരത്തിന്റെ വിധി. യുവതാരമായ പാബ്ലോ ടോറെയും ചെറിയ അസ്വസ്ഥതതകളോടെയാണ് പിൻവാങ്ങിയത്.
മത്സര ശേഷം സംസാരിച്ച സാവി കെസ്സിയുടെ പരിക്ക് ഗുരുതരം തന്നെയെന്ന സൂചനയാണ് നൽകിയത്. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറി ആണെന്നാണ് കരുതുന്നത്. അടുത്ത ദിവസം തന്നെ കൂടുതൽ പരിശോധകൾ നടത്തി പരിക്കിന്റെ വിവരങ്ങൾ പുറത്തു വിടും. പാബ്ലോ ടോറെയുടേത് ചെറിയ അസ്വസ്ഥത മാത്രമാണെന്നും പരിക്ക് ആണെന്ന് കരുതുന്നില്ലെന്നും സാവി അറിയിച്ചു. പ്രതിരോധത്തിൽ ആരാഹുവോ അടക്കം പരിക്കേറ്റ് നിൽക്കുന്ന സാഹചര്യത്തിൽ കെസ്സി കൂടി പിന്മാറുന്നത് ടീമിന് തിരിച്ചടിയാണ്. ലോകകപ്പ് വരെ താരം പുറത്തു തന്നെ ഇരിക്കേണ്ടി വരും എന്നാണ് സൂചനകൾ.