ഇന്റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്‌സലോണ

ഇന്റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്‍സ തങ്ങളുടെ അമേരിക്കയിലെ പ്രീ സീസൺ ആരംഭിച്ചു. ആറു ഗോളുകൾക്കാണ് ബാഴ്‌സ മയാമിയെ തകർത്തത്. ഓരോ പകുതികളിലും മൂന്ന് ഗോളുകൾ വീതം നേടിയ ബാഴ്‌സക്ക് വേണ്ടി ഔബമയാങ്, റാഫിഞ്ഞ, ഫാറ്റി, ഗവി, ഡീപെയ്, ഡെമ്പലെ എന്നിവർ സ്‌കോർ ചെയ്തു.

ഇരുപകുതികളിലും വ്യത്യസ്ത ഇലവനുമായാണ് ബാഴ്‌സ മയാമിയെ നേരിട്ടത്. പുതുതായി ടീമിൽ എത്തിയ കെസ്സി, ക്രിസ്റ്റൻസൺ, റാഫിഞ്ഞ എന്നിവർ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയപ്പോൾ പാബ്ലോ ടോറെ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങി. റാഫിഞ്ഞ ആയിരുന്നു ഒന്നാം പകുതിയിൽ ബാഴ്‌സയുടെ താരം. ബാഴ്‌സ ജേഴ്‌സിയിൽ ആദ്യമായി കളത്തിൽ ഇറങ്ങിയ റാഫിഞ്ഞ ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. ഔബമയങ് സ്‌കോർ ബോർഡ് തുറന്നപ്പോൾ ആൻസു ഫാറ്റിയുടെ ഗോൾ ആരാധകർക്ക് ആഹ്ലാദത്തിന് വക നൽകി.

രണ്ടാം പകുതിയിൽ മറ്റൊരു ഇലവനുമായിട്ടാണ് ബാഴ്‌സലോണ കളത്തിൽ ഇറങ്ങിയതെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ തടസമൊന്നും ഉണ്ടായില്ല. ഡീപെയ് നിലംപറ്റെ എടുത്ത കോർണർ നേരിട്ട് വളയിലെത്തിച്ച് ഗവിയാണ് രണ്ടാം പകുതിയിലെ ആദ്യ ഗോൾ കണ്ടെത്തിയത്. തുടർന്നും സമ്പൂർണ ആധിപത്യം തുടർന്ന ബാഴ്‌സക്ക് ഡീപെയ്, ഡെമ്പലെ എന്നിവർ നേടിയ ഗോളുകളിലൂടെ വിജയം സുനിശ്ചിതമാക്കി.