ജർമ്മൻ താരം മരിയോ ഗോട്സെ ഡോർട്മുണ്ടുമായി പിരിഞ്ഞതോടെ താരം എവിടേക്ക് പോകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ ഉറ്റു നോക്കുന്നത്. ഗോട്സെയെ സ്വന്തമാക്കാൻ ജർമ്മനിയിലെ തന്നെ പല ക്ലബുകളും രംഗത്തുണ്ട്. എങ്കിലും ഇപ്പോൾ മുന്നിൽ ഉള്ളത് സ്പാനിഷ് ക്ലബായ സെവിയ്യ ആണ്. 28കാരനായ ഗോട്സെ ഇപ്പോൾ ഫ്രീ ഏജന്റാണ്. ഗോട്സെയുമായി സെവിയ്യ ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കി കഴിഞ്ഞ സെവിയ്യ ഗോട്സയെ പോലെയുള്ള സീനിയർ താരങ്ങളെ കൂടുതൽ ടീമിൽ എത്തിക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. ഡോർട്മുണ്ട് പുതിയ കരാർ നൽകാത്തതിനാൽ ആയിരുന്നു ഗോട്സെ ക്ലബ് വിട്ടത്. രണ്ട് ഘട്ടങ്ങളിലായി 16 വർഷത്തോളം കാലം ഗോട്സെ ഡോർട്മുണ്ടിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്. ഇടക്ക് ബയേൺ മ്യൂണിച്ചിലും താരം കളിച്ചു. ഇപ്പോഴും 28 വയസ്സ് മാത്രമേ ഉള്ളൂ എന്നതിനാൽ ഗോട്സെയിൽ ഇനിയും മികച്ച ഫുട്ബോൾ ബാക്കിയുണ്ട് എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.