ലാ ലീഗയിൽ ഗോളടിയിൽ പുതിയ റെക്കോർഡ് ഇട്ട് സെർജിയോ റാമോസ്. ലാ ലീഗയുടെ ചരിത്രത്തിൽ 15 സീസണിൽ തുടർച്ചയായി ഗോൾ നേടുന്ന പ്രതിരോധ താരമായിരിക്കുകയാണ് റാമോസ്. ജിറോണക്കെതിരെ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെയാണ് ഈ നേട്ടം റാമോസിനെ തേടിയെത്തിയത്.
2004 ലാണ് റാമോസ് ആദ്യമായി ലാ ലീഗയിൽ ഗോൾ നേടുന്നത്. സെവിയ്യക്ക് വേണ്ടി റയൽ സോസിഡാഡിനെതിരെയാണ് അന്ന് റാമോസ് ഗോൾ നേടിയത്. തുടർന്ന് ഇങ്ങോട്ട് ലാ ലീഗയുടെ എല്ലാ സീസണിലും ഗോൾ നേടാൻ താരത്തിനായി. 2005ൽ മലാഗക്കെതിരെയാണ് റയൽ മാഡ്രിഡിന് വേണ്ടി ലാ ലീഗയിൽ റാമോസ് ആദ്യ ഗോൾ നേടിയത്. താൻ അരങ്ങേറ്റം കുറിച്ച 2003/04 സീസണിൽ ഒഴികെ ബാക്കി എല്ലാ സീസണിലും ലാ ലീഗയിൽ ഗോൾ നേടാൻ റാമോസിനായി.
432 മത്സരങ്ങളിൽ നിന്നായി 56 ലീഗ് ഗോളുകൾ റാമോസ് നേടിയിട്ടുണ്ട്. 2016/17 സീസണിൽ നേടിയ 7 ഗോളാണ് ഒരു സീസണിൽ റാമോസിന്റെ ടോപ് സ്കോർ. ഔട്ട് ഫീൽഡ് താരമെന്ന നിലയിൽ ഏറ്റവും കൂടുതൽ സീസണിൽ ഗോൾ നേടിയ റെക്കോർഡ് അത്ലറ്റിക് ക്ലബ്ബിന്റെ പിറു ഗൈൻസാക്കാണ്. 1940-1959 കാലഘട്ടത്തിലാണ് തുടർച്ചയായി 19 സീസണുകളിൽ ഗോൾ നേടി റെക്കോർഡ് ഇട്ടത്.