ലാലിഗയിൽ നിന്ന് ജിറോണ പുറത്തേക്ക്. ഇന്നലെ ലെവന്റെയ്ക്ക് എതിരെ പരാജയപ്പെട്ടതോടെ ജിറോണ ലാലിഗയിൽ നിന്ന് റിലഗേറ്റ് ആകും എന്ന് ഏകദേശം തീരുമാനമായി. ഇന്നലെ സെല വിഗോ വിജയിക്കുകയും ചെയ്തതാണ് ജിറോണയ്ക്ക് തിരിച്ചടി ആയത്. ഇപ്പോൾ ജിറോണയ്ക്ക് 37 പോയന്റും സെൽറ്റയ്ക്ക് 40 പോയന്റുമാണ് ഉള്ളത്.
ഇനി ഒരു മത്സരം മാത്രമേ ശേഷിക്കുന്നുള്ളൂ. ഹെഡ് ടു ഹെഡിൽ ഇരുവരും തുല്യരായതിനാൽ ഗോൾ ഡിഫറൻസ് ആകും പോയന്റ് ഒരേ പോലെ ആയാലും നോക്കുക. അതായത് അടുത്ത മത്സരം സെൽറ്റ തോൽക്കുകയും ജിറോണ വിജയിക്കുകയും ചെയ്താൽ ഇരു ക്ലബുകൾക്കും 40 പോയന്റ് വീതമാകും. അപ്പോഴും ഗോൾ ഡിഫറൻസ് ജിറോണയ്ക്ക് പ്രശ്നമാകും. 6 ഗോളുകളുടെ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ഇപ്പോൾ സെൽറ്റയ്ക്ക് ഉണ്ട്. അത് ജിറോണ മറികടക്കണെമെങ്കിൽ അത്ഭുതം തന്നെ നടക്കേണ്ടി വരും.
ജിറോണയ്ക്ക് അലാവസും, സെൽറ്റയ്ക്ക് റയോ വല്ലെകാനോയും ആണ് അവസാന മത്സരത്തിൽ എതിരാളികൾ. ഈ സീസണിൽ റയൽ മാഡ്രിഡിനെ ബെർണബാവുവിൽ ചെന്ന് തോൽപ്പിക്കാനും ബാഴ്സയെ ന്യൂകാമ്പിൽ ചെന്ന് വിറപ്പിക്കാനും ജിറോണയ്ക്ക് ആയിരുന്നു. പക്ഷെ വലിയ മത്സരങ്ങളിൽ ഒഴികെ ബാക്കി മത്സരങ്ങളിൽ ഒക്കെ ദയനീയ പ്രകടനം കാണിച്ചതാണ് അവർക്ക് വിനയായത്.