ലപോർട വീണ്ടും ബാഴ്‌സലോണയുടെ തലപ്പത്ത് എത്തിയ ശേഷം ടീം പുനരുദ്ധാരണത്തിന് തന്റെ വലം കൈ ആയി തിരിച്ചു കൊണ്ടു വന്നതാണ് മാത്യു അലെമാനിയെ. താരക്കമ്പോളത്തിൽ ഇടിവ് പറ്റിയ ടീമിന്റെ സാമ്പത്തിക നിലക്ക് കൂടുതൽ പരിക്ക് ഏല്പിക്കാതെ മികച്ച താരങ്ങളെ എത്തിക്കാൻ അദ്ദേഹത്തിനായി. അതിൽ തന്നെ ഫ്രീ ഏജന്റായി മാറിയ താരങ്ങളെ എത്തിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു. ഇപ്പോൾ അടുത്ത ട്രാൻസ്ഫർ വിൻഡോകളിലും തന്റെ പദ്ധതി എന്തായിരിക്കും എന്ന കൃത്യമായ സൂചന നൽകിയിരിക്കുകയാണ് അദ്ദേഹം.
അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലും കൂടുതൽ ഫ്രീ ഏജന്റുമാരെ എത്തിക്കാൻ തന്നെയാണ് ടീം ശ്രമിക്കേണ്ടതെന്ന് അലെമാനി പറഞ്ഞു. കെസ്സി, ക്രിസ്റ്റൻസൻ, അലോൺസോ, ബെല്ലാരിൻ തുടങ്ങി മികച്ച താരങ്ങളെ ഫ്രീ ഏജന്റുമാരായി എത്തിക്കാൻ ബാഴ്‌സക്ക് സാധിച്ചിരുന്നു. കൈമാറ്റ തുക ഒഴിവാക്കാൻ സാധിച്ചാൽ സാമ്പത്തികമായി അത് ടീമിന് വലിയ ആശ്വാസമാകും.
അതേ സമയം ബിൽബാവോ താരം ഇനിഗോ മാർട്ടിനസ് അടക്കം താരങ്ങൾ നിലവിൽ അടുത്ത സീസണിലേക്ക് ടീമിന്റെ റഡാറിലുണ്ട്. മെസ്സി അടക്കം ഈ സീസണോടെ ഫ്രീ ഏജന്റുമാരാകുന്ന ഒരുപിടി താരങ്ങൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഈ സീസണിൽ തന്നെ ബാഴ്‌സ ലക്ഷ്യമിട്ടിരുന്ന ജോസ് ഗയയും അടുത്ത വർഷത്തോടെ ഫ്രീ ഏജന്റ് ആവും.