വീണ്ടും അൻസു ഫതി ഗോൾ, രണ്ടാം മത്സരത്തിലും ബാഴ്സക്ക് വൻ വിജയം

20201002 061936
- Advertisement -

റൊണാൾഡ് കോമാന്റെ കീഴിലെ ബാഴ്സലോണ പ്രതീക്ഷ നൽകുന്നു എന്ന് തന്നെ പറയാം. അവർ സീസണിലെ രണ്ടാം മത്സരത്തിലും വലിയ വിജയം നേടിയിരിക്കുകയാണ്. എവേ മത്സരത്തിൽ സെൽറ്റ വീഗോയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അവസാന ആറു തവണ സെൽറ്റ് വീഗോയിൽ പോയപ്പോഴും വിജയിക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നില്ല.

ആദ്യ മത്സരത്തിലെ ഹീറോ അൻസു ഫതി ഇന്നും ബാഴ്സക്ക് വേണ്ടി വല കുലുക്കി. മത്സരം തുടങ്ങി 11ആം മിനുട്ടിൽ തന്നെ ഫതി ലക്ഷ്യം കണ്ടു. കൗട്ടീനോയുടെ പാസ് സ്വീകരിച്ച ഫതി ഒരു യഥാർത്ഥ സ്ട്രൈക്കറിന്റെ മികവോടെയാണ് പന്ത് ഗോൾ വലയിൽ എത്തിച്ചത്. മത്സരത്തിന്റെ 42ആം മിനുട്ടിൽ സെന്റർ ബാക്ക് ലെങ്ലെറ്റ് ചുവപ്പ് കണ്ടത് ബാഴ്സലോണക്ക് ചെറിയ ആശങ്ക നൽകി. എങ്കിലും കളിയുടെ പകുതിയിൽ അധികം സമയത്തും പത്തു പേരുമായി കളിച്ചിട്ടും ഒരു ഗോൾ പോലും ബാഴ്സലോണ വഴങ്ങിയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ ബാഴ്സക്ക് രണ്ടാം ഗോൾ ലഭിച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ സെർജി റൊബേർട്ടോ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. ഇനി ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ സെവിയ്യയെ നേരിടും.

Advertisement