സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ റയോ വല്ലകാനോ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച മത്സരത്തിൽ 92 മത്തെ മിനിറ്റിൽ മുൻ അത്ലറ്റികോ മാഡ്രിഡ് താരം റാഡമൽ ഫാൽകാവോ നേടിയ ഗോൾ ആണ് അത്ലറ്റികോയുടെ ജയം തടഞ്ഞത്. അത്ലറ്റികോ മാഡ്രിഡ് ആധിപത്യം ആണ് ആദ്യ പകുതിയിൽ കാണാൻ ആയത്. 20 മത്തെ മിനിറ്റിൽ ഫ്രാൻ ഗാർസിയയുടെ ലൂസ് പാസ് കയ്യിലാക്കിയ ഗ്രീസ്മാൻ അത് അൽവാരോ മൊറാറ്റക്ക് മറിച്ചു നൽകിയപ്പോൾ അത്ലറ്റികോയുടെ ഗോൾ പിറന്നു. രണ്ടാം പകുതിയിൽ റയോ സമനിലക്ക് ആയി പൊരുതി.
ഇടക്ക് ഗ്രീസ്മാൻ ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ആയി വിധി എഴുതി. തുടർന്ന് ഇഞ്ച്വറി സമയത്ത് ഗിമനസിന്റെ ഹാന്റ് ബോളിന് റഫറി പെനാൽട്ടി അനുവദിച്ചത് അത്ലറ്റികോക്ക് വിനയായി. തുടർന്ന് പെനാൽട്ടി ഫാൽകാവോ ലക്ഷ്യം കാണുക ആയിരുന്നു. നിലവിൽ ലീഗിൽ അത്ലറ്റികോ മൂന്നാമതും റയോ പത്താം സ്ഥാനത്തും ആണ്. അതേസമയം നേരത്തെ നടന്ന മത്സരത്തിൽ വലൻസിയ, സെവിയ്യ ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു. ഒരിക്കൽ കൂടി എഡിൻസൺ കവാനി വലൻസിയക്ക് ആയി ഗോൾ നേടിയപ്പോൾ എറിക് ലമേലയാണ് സെവിയ്യക്ക് സമനില സമ്മാനിച്ചത്. അവസാന നിമിഷം സെവിയ്യയുടെ കികെ സലാസിന് ചുവപ്പ് കാർഡ് ലഭിച്ചപ്പോൾ 102 മത്തെ മിനിറ്റിൽ ഹോസെ ഗയ എടുത്ത പെനാൽട്ടി സെവിയ്യ ഗോൾ കീപ്പർ ബോണോ രക്ഷിച്ചു.